ചെമ്മാണിയോട് റോഡിന് ശാപമോക്ഷമായി; ഉത്സവാന്തരീക്ഷത്തിൽ ഉദ്ഘാടനം
1264955
Saturday, February 4, 2023 11:44 PM IST
മേലാറ്റൂർ: ചെമ്മാണിയോട് ബൈപാസ് റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായുള്ള നാട്ടുകാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമായി. മേലാറ്റൂർ ഗ്രാമപഞ്ചായത്തിലെ ചെമ്മാണിയോട് ബൈപാസ് റോഡ് ദീർഘകാലമായി തകർന്നു കിടക്കുകയായിരുന്നു.
റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി എംഎൽഎയും ജില്ലാ പഞ്ചായത്തും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളും ഫണ്ട് വകയിരുത്തിയതോടെയാണ് നാട്ടുകാരുടെ ദുരിതയാത്രയ്ക്ക് അറുതിയായത്. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന നജീബ് കാന്തപുരത്തോട് റോഡിന്റെ പ്രശ്നം നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. അനുകൂല നടപടി സ്വീകരിക്കുമെന്നു അദ്ദേഹം നാട്ടുകാർക്കു ഉറപ്പു നൽകിയിരുന്നു. തുടർന്നു എംഎൽഎ ആയ ശേഷം പ്രാദേശിക വികസന ഫണ്ടിൽ നിന്നു 50 ലക്ഷം രൂപ നജീബ് കാന്തപുരം ചെമ്മാണിയോട് ബൈപാസ് റോഡിന്റെ നവീകരണത്തിനു അനുവദിച്ചു. ജില്ലാ പഞ്ചായത്തും 50 ലക്ഷം നൽകി. ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും നവീകരണ പ്രവൃത്തികൾക്കായി ഫണ്ടനുവദിച്ചു. ഇതോടെയാണ് നവീകരണം യാഥാർഥ്യമായത്.
ഉത്സവാന്തരീക്ഷത്തിലാണ് റോഡിന്റെ ഉദ്ഘാടനം നടന്നത്. ചെമ്മാണിയോട് ബൈപാസ് ജംഗ്ഷനിൽ നിന്നു ജനപ്രതിനിധികളെ വാദ്യമേളങ്ങളുടെ അകന്പടിയോടെയാണ് നാട്ടുകാർ ഉദ്ഘാടന വേദിയിലേക്ക് ആനയിച്ചത്. റോഡിന്റെ ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അജിത് പ്രസാദ്, ജില്ലാ പഞ്ചായത്തംഗം റഹ്മത്തുന്നിസ താമരത്ത്, ജനപ്രതിനിധികളായ പി.അസീസ്, പി. ഉസ്മാൻ, എ.കെ യൂസഫ്ഹാജി, പി. ഹിഷാം വാഫി, പാതിരമണ്ണ റഹ്മത്ത്, മേലാറ്റൂർ സർവീസ് ബാങ്ക് പ്രസിഡന്റ് സി. അബ്ദുൾകരീം, വിവിധ സംഘടന പ്രതിനിധികളായ പി.കെ അബൂബക്കർഹാജി, എ. അജിത് പ്രസാദ്, റഷീദ് മേലാറ്റൂർ, പി. മുജീബ് റഹ്മാൻ, എ.പി ലത്തീഫ്, ബി. മുസമ്മിൽഖാൻ എന്നിവർ പ്രസംഗിച്ചു.