ചെങ്കൽ സമരം അവസാനിച്ചു
1264969
Saturday, February 4, 2023 11:45 PM IST
മലപ്പുറം: ചെങ്കൽ ഉത്പ്പാദക മേഖലയിൽ നടന്നു വന്നിരുന്ന അനിശ്ചിതകാല സമരം താത്ക്കാലികമായി അവസാനിപ്പിക്കാൻ മലപ്പുറത്ത് ചേർന്ന കേരള ചെങ്കൽ ഉത്പ്പാദക ഉടമസ്ഥ ക്ഷേമ സംഘം സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
മാർച്ച് എട്ടിനു തിരുവനന്തപുരത്ത് വ്യവസായ, ട്രാൻസ്പോർട്ട് വകുപ്പു മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയിൽ തങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കുമെന്ന് ബന്ധപ്പെട്ടവർ ഉറപ്പു നൽകിയതായി യോഗം അറിയിച്ചു.സംസ്ഥാന സെക്രട്ടറി കെ. മണികണ്ഠൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഇ.കെ അബ്ദു പ്രസംഗിച്ചു. പിടിച്ചെടുക്കുന്ന ലോറികളെ പിഴയടച്ച് വിട്ടുകൊടുക്കാൻ അനുമതി നൽകുക, വാഹനങ്ങളെ ദീർഘകാലം പിടിച്ചുവയ്ക്കുന്നത് അവസാനിപ്പിക്കുക, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ പിഴത്തുക കുറക്കുക, മിച്ച ഭൂമിയിൽ ചെങ്കൽ ഖനനത്തിന് അനുമതി നൽകുക, ചെറുകിട ചെങ്കൽ ക്വാറികൾക്ക് പാരിസ്ഥിതിക അനുമതി വേണമെന്ന നിയമം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നിച്ച് ജനുവരി 30 മുതലാണ് സമരം ആരംഭിച്ചത്.