പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ ‘കരിയർ മതിൽ’
1280048
Thursday, March 23, 2023 12:16 AM IST
അങ്ങാടിപ്പുറം: ഉന്നത പഠനം, തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ച് വിദ്യാർഥികൾക്ക് ദിശാബോധം നൽകുന്നതിനായി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ കരിയർ ഗൈഡൻസ് ആൻഡ് കൗണ്‍സിലിംഗ് യൂണിറ്റിന്റെ നേതൃത്വത്തിൽ തൊഴിൽ മതിൽ (കരിയർ വാൾ) ഒരുക്കി. പ്ലസ്ടുവിനു ശേഷം തുടർപഠനത്തിന് ആശ്രയിക്കാവുന്ന ഇന്ത്യയ്ക്കകത്തും വിദേശങ്ങളിലുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്ന അറിയിപ്പുകളാണ് കരിയർ മതിലിൽ പ്രധാനമായും പ്രദർശിപ്പിച്ചിട്ടുള്ളത്. തൊഴിൽ അവസരങ്ങളെക്കുറിച്ചും അറിയിപ്പുകളുണ്ട്. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ശാഖകളിലുള്ള എല്ലാ പഠന,തൊഴിൽ സാധ്യതകളും പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്.
അറിയിപ്പുകൾ യഥാസമയം പുതുക്കി നൽകാനും സംവിധാനമുണ്ട്. സ്കൂൾ മാനേജർ ഫാ.ജെയിംസ് വാമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബെനോ തോമസ്, കരിയർ ഗൈഡൻസ് ആൻഡ് കൗണ്‍സിലിംഗ് യൂണിറ്റ് കോ-ഓർഡിനേറ്റർ ബെന്നി തോമസ്, പെരിന്തൽമണ്ണ ആറ്റം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കെ.പി.അബ്ദുൾ റഹ്മാൻ, സ്റ്റുഡന്റ് ലീഡർ സി.ടി.സന ഷിറിൻ എന്നിവർ പ്രസംഗിച്ചു.