ബസ് ജീവനക്കാരും പോലീസും തമ്മിൽ വാക്കേറ്റം; നാലു പേർ അറസ്റ്റിൽ
1282292
Wednesday, March 29, 2023 11:45 PM IST
ചങ്ങരംകുളം: ടപ്പാൾ സ്വദേശിക്ക് മർദനമേറ്റ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരായ രണ്ടു പേരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എടപ്പാളിൽ ഒരു വിഭാഗം സ്വകാര്യ ബസുകൾ ഇന്നലെ മിന്നൽ പണിമുടക്ക് നടത്തി. രാവിലെയാണ് സ്വകാര്യ ബസുകൾ അപ്രതീക്ഷിത പണിമുടക്ക് ആരംഭിച്ചത്.
സർവീസ് നടത്തുന്ന മറ്റു ബസുകൾ സമരക്കാർ തടയാൻ ശ്രമിച്ചതോടെ ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. ഇതോടെ പണിമുടക്കിയ ബസ് ജീവനക്കാരും പോലീസും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷാവസ്ഥയിലേക്ക് നീങ്ങി. സംഭവസ്ഥലത്ത് നിന്നു നാലു സ്വകാര്യ ബസ് ജീവനക്കാരെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തതോടെ ബസുകൾ കൂട്ടത്തോടെ സമരത്തിലേക്ക് നീങ്ങുകയായിരുന്നു.
സമരത്തിൽ പങ്കെടുക്കാത്ത ബസുകൾ തടയാൻ ശ്രമിച്ചതിനു നാലു പേരെ അറസ്റ്റു ചെയ്തു. ആലൂർ സ്വദേശി മുനീർ(37), പൊൽപാക്കര സ്വദേശി സുഭാഷ്(37), തിരൂർ സ്വദേശി അബ്ദുൽ കരീം(27), പൊന്നാനി സ്വദേശി സൈനുദീൻ(26) എന്നിവരാണ് അറസ്റ്റിലായത്. ഓടിക്കൊണ്ടിരുന്ന പല ബസുകളും പാതിവഴിയിൽ ഓട്ടം നിർത്തിയതോടെ യാത്രക്കാരും പെരുവഴിയിലായി. എടപ്പാൾ, പൊന്നാനി, ചങ്ങരംകുളം, പട്ടാന്പി, കുറ്റിപ്പുറം ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് പണി മുടക്കിയത്.
പാർക്കിംഗിനെ തുടർന്നുണ്ടായ തർക്കങ്ങൾക്കിടയിലാണ് എടപ്പാൾ സ്വദേശിയായ അനീഷിന് മർദനമേറ്റത്. സംഭവത്തിൽ ബസ് ജീവനക്കാരായ ആനക്കര കുന്പിടി സ്വദേശി കുന്നത്ത് ശ്രീജേഷ്(34), എടപ്പാൾ തട്ടാൻപടി സ്വദേശി ചാത്തനാത്ത് സുരേഷ് ബാബു(51) എന്നിവരെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തിരുന്നു. പണിമുടക്കിനുശേഷം ഇന്നലെ തിരൂർ ഡിവൈഎസ്പി ബിജു ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ വച്ച് ബസ് തൊഴിലാളികളുമായി നടത്തിയ ചർച്ചയിൽ ബസ് സമരം പിൻവലിച്ചതായി തൊഴിലാളികൾ അറിയിച്ചു. തൊഴിലാളികളുടെ സംരക്ഷണവും ന്യായമായ ആവശ്യങ്ങളും പരിഗണിക്കാമെന്ന ഉറപ്പിലാണ് സമരം പിൻവലിക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. സർവീസ് നടത്തിയിരുന്ന ബസുകൾ തടഞ്ഞ സംഭവത്തിൽ പിടിയിലായ നാല് ജീവനക്കാരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.