ലീഗൽ മെട്രോളജി വകുപ്പ് പരിശോധന ശക്തമാക്കി
1283289
Saturday, April 1, 2023 11:24 PM IST
മലപ്പുറം: ജില്ലയിൽ പരിശോധനകൾ ഉൗർജിതമാക്കി ലീഗൽ മെട്രോളജി വകുപ്പ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന മൂന്നാം നൂറു ദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പരിശോധന ശക്തമാക്കുന്നത്. ജില്ലയിൽ ഇതുവരെ 911 വ്യാപാര സ്ഥാപനങ്ങൾ പരിശോധിക്കുകയും നിയമലംഘനങ്ങൾക്കെതിരെ 156 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
മുദ്ര പതിപ്പിക്കാത്ത അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതും നിയമാനുസൃത പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താത്ത പാക്കേജുകൾ വിൽപ്പനക്കായി പ്രദർശിപ്പിച്ചതും അളവിൽ കുറവായി ഉത്പന്നം വിൽപ്പന നടത്തിയതും അമിത വില ഈടാക്കിയതും ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങൾക്കെതിരെയാണ് കേസുകളെടുത്തത്. 61 പന്പുകൾ പരിശോധിച്ചതിൽ രണ്ട് സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു.
ആകെ 3.82 ലക്ഷം രൂപ പിഴയീടാക്കി. മാർജിൻ ഫ്രീ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, ഗൃഹോപകരണ സ്ഥാപനങ്ങൾ, സ്പെയർ പാർട്സ് വിൽപ്പന കേന്ദ്രങ്ങൾ, സ്റ്റേഷനറി വ്യാപാര സ്ഥാപങ്ങൾ, ബേക്കറി, ടെക്സ്റ്റൈൽസ്, പൗൾട്രി, പെട്രോൾ-ഡിസൽ പന്പുകൾ, എന്നിവക്ക് ഉൗന്നൽ നൽകി കൂടുതൽ ശക്തമായി പരിശോധന തുടരുമെന്നും ലീഗൽ മെട്രോളജി വകുപ്പ് അറിയിച്ചു.