നിലന്പൂർ: സ്കൂൾ, കോളജ് വിദ്യാർഥികളിൽ നിന്നു സ്വകാര്യ ബസുകൾ അമിത തുക ഈടാക്കുന്നതായി പരാതി. നിലന്പൂർ-അകന്പാടം, നിലന്പൂർ-മഞ്ചേരി, വഴിക്കടവ്-മണിമൂളി-എടക്കര-നിലന്പൂർ ഭാഗങ്ങളിൽ നിന്നുള്ള ബസുകളാണ് വിദ്യാർഥികളിൽ നിന്നു അമിതചാർജ് ഈടാക്കുന്നതായി വിദ്യാർഥികൾക്ക് പരാതിയുള്ളത്. വിദ്യാർഥികൾക്ക് കണ്സെഷൻ അനുവദിക്കണമെന്ന സർക്കാർ ഉത്തരവ് കാറ്റിൽ പറത്തിയാണ് കണ്ടക്ടർമാരിൽ ചിലർ അമിത ചാർജ് ഈടാക്കുന്നത്. വണ്ടൂർ, പെരിന്തൽമണ്ണ ഭാഗങ്ങളിലേക്കുള്ള പല ബസുകളും കൂടുതൽ തുക നൽകിയില്ലെങ്കിൽ ബസിൽ കയറ്റാറില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു.രണ്ട് രൂപയ്ക്ക് പകരം പത്തു രൂപയും അഞ്ചു രൂപയ്ക്ക് പകരം 20 രൂപയുമാണ് പല സ്വകാര്യ ബസുകളിലും കണ്ടക്ടർമാർ വാങ്ങുന്നത്. രാവിലെ വിദ്യാലയങ്ങളിലേക്കും വൈകീട്ട് തിരിച്ച് വീടുകളിലേക്കും മടങ്ങുന്ന കുട്ടികളിൽ നിന്നു മുഴുവൻ ചാർജാണ് വാങ്ങുന്നത്. വിദ്യാർഥികളിൽ ചിലർ പോലീസിൽ പരാതി പറഞ്ഞെങ്കിലും തുടർന്ന് ഒരു ദിവസം മാത്രമാണ് ബസുകൾ സൗജന്യ നിരക്കിലുള്ള ചാർജ് വാങ്ങിയത്. അടുത്ത ദിവസം മുതൽ സാധാരണ നിരക്ക് വാങ്ങുന്നതായാണ് വിദ്യാർഥികൾ പറഞ്ഞത്. രാവിലെയും വൈകുന്നേരങ്ങളിലും ബസ് പുറപ്പെടുന്നതിനു തൊട്ടു മുന്പു മാത്രമാണ് ബസുകളിൽ കുട്ടികളെ കയറ്റാറുള്ളത്. അതും പരിമിതമായ എണ്ണം കുട്ടികളെ മാത്രമാണ് ചില ബസ് ജീവനക്കാർ കയറ്റുന്നത്. ബസുകളുടെ നന്പർ സഹിതം സ്ഥാപന മേധാവികൾ മുഖേന നിലന്പൂർ ആർടിഒക്ക് പരാതി നൽകുമെന്ന് വിദ്യാർഥികൾ അറിയിച്ചു. അതേ സമയം വിഷയം ഉന്നയിക്കപ്പെട്ടിട്ടും വിദ്യാർഥി രാഷ്ട്രീയ സംഘടനകളൊന്നും രംഗത്ത് ഇറങ്ങിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.