നിലന്പൂർ നഗരസഭയിലെ അഴിമതി ആരോപണം: സംവാദത്തിന് വെല്ലുവിളിച്ച് ഭരണകക്ഷി അംഗം
1335328
Wednesday, September 13, 2023 3:28 AM IST
നിലന്പൂർ: നിലന്പൂർ നഗരസഭയിലെ അഴിമതി ആരോപണത്തിൽ പരസ്യസംവാദത്തിന് ഭരണസമിതിയെ വെല്ലുവിളിച്ച് ഭരണപക്ഷ കൗണ്‍സിലർ ഇസ്മായിൽ എരഞ്ഞിക്കൽ.
നിലന്പൂർ നഗരസഭയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ നടക്കുന്ന അഴിമതികൾ താൻ ഉന്നയിച്ചിട്ടും ചെയർമാൻ ഉൾപ്പെടെ മൗനം പാലിക്കുന്നത് അവരുടെ കൈകൾ ശുദ്ധമല്ലാത്തതു കൊണ്ടാണെന്ന് ജനതാദൾ-എസ് ദേശീയ സമിതി അംഗവും നഗരസഭ കൗണ്‍സിലറുമായ ഇസ്മായിൽ എരഞ്ഞിക്കൽ പറഞ്ഞു.
നിലന്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചെയർമാനും രണ്ട് സ്ഥിരംസമിതി അധ്യക്ഷനുമെതിരേ ആരോപണങ്ങൾ ആവർത്തിച്ചത്. താൻ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണ്. പൊതുജനമധ്യത്തിൽ ഒരു സംവാദത്തിന് താൻ തയാറാണ്. ചെയർമാനും സ്ഥിരംസമിതി അധ്യക്ഷൻമാരും ഇതിന് തയാറുണ്ടോ. താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയല്ലെന്ന് തെളിയിച്ചാൽ കൗണ്‍സിലർ സ്ഥാനം രാജിവയ്ക്കാം.
ആദിവാസി വീടു നിർമാണവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ ഉൾപ്പെട്ടയാളാണ് ഇപ്പോൾ അഴിമതിക്ക് എതിരേ മറുപടിയുമായി രംഗത്തുവന്നിട്ടുള്ളത്. ചൂരക്കുളത്തിന്റെ മറവിൽ അഴിമതി നടത്തിയവർക്ക് ജനങ്ങളുടെ എതിർപ്പ് മൂലം വാർഡ്സഭ കഴിയും മുന്‍പ് ഇറങ്ങി പോകേണ്ടി വന്നില്ലേയെന്നും ഇസ്മായിൽ ചോദിച്ചു.
മാസ്റ്റർപ്ലാന്‍ വിരുദ്ധമായി മയ്യന്താനിയിൽ പകൽ വീട് നിർമിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇസ്മായിൽ പറഞ്ഞു. നിലന്പൂർ നഗരസഭയിലെ ഭരണം നിയന്ത്രിക്കുന്നത് സിപിഐ നേതാവാണ്. സിപിഎം നേതൃത്വത്തിന്റെ കഴിവുകേടാണ് ഈ അവസ്ഥക്ക് കാരണമെന്നും ഇസ്മായിൽ പറഞ്ഞു.
നെൽപ്പാടം നികത്തി മണ്ണിട്ട വ്യക്തിക്ക് സംരക്ഷണം നൽകാനാണ് ഓണക്കാലത്ത് പൂ കൃഷി നടത്തിയതെന്നും ഇസ്മയിൽ ആരോപിച്ചു.