അവധിദിനത്തിലും മെച്ചപ്പെട്ട ഹാജർ; ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് എംഎൽഎ
1337946
Sunday, September 24, 2023 12:49 AM IST
പെരിന്തൽമണ്ണ: അവധി ദിനത്തിനും കർമനിരതരായി സർക്കാർ ജീവനക്കാർ. പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിൽ നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സുസ്ഥിര വികസന പദ്ധതിയായ "സമഗ്രം പെരിന്തൽമണ്ണ’യുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഗമത്തിലാണ് ഉദ്യോഗസ്ഥർ ഒന്നടങ്കം പങ്കെടുത്തത്.
ശ്രീനാരായണഗുരു സമാധി ദിനത്തിലായിരുന്നു സംഗമം സംഘടിപ്പിച്ചത്. പൊതുഅവധി ദിവസമായിരുന്നിട്ടും നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിന്റെ പ്രാധാന്യം മനസിലാക്കിയാണ് വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തിച്ചേർന്നത്. അവധിയിലും യോഗത്തിനെത്തിയ ഉദ്യോഗസ്ഥരെ നജീബ് കാന്തപുരം എംഎൽഎ അഭിനന്ദിച്ചു.
നാടിന്റെ പൊതുവായ വികസന പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതിന് അവധിയിൽ പോലും എത്തിച്ചേർന്ന ഉദ്യോഗസ്ഥരുടെ നടപടി മാതൃകാപരമാണെന്നും ജനപ്രതിനിധികൾക്കൊപ്പം വികസന കാര്യത്തിൽ യോജിച്ചു പ്രവർത്തിക്കാൻ ഉദ്യോഗസ്ഥരും സന്നദ്ധരാകുന്നത് നാടിന്റെ പുരോഗതിക്ക് ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പ് മേധാവികളായ 37 പേർ യോഗത്തിൽ സംബന്ധിച്ചു.