കര്‍ഷകര്‍ക്ക് നവ്യാനുഭവമായി കാര്‍ഷിക രംഗത്തെ നൂതന സാങ്കേതിക വിദ്യകള്‍
1375564
Sunday, December 3, 2023 7:11 AM IST
കരുവാരകുണ്ട്: കാര്‍ഷിക രംഗത്തെ നൂതന സാങ്കേതികവിദ്യകള്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന പരിപാടി കര്‍ഷകര്‍ക്ക് നവ്യാനുഭവമായി. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലാണ് കേന്ദ്രാവിഷ്കൃത കാര്‍ഷിക പദ്ധതികളുടെ പ്രചാരണാര്‍ഥം നടക്കുന്ന വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ച് കാര്‍ഷികവിളകളില്‍ വളംകീടനാശിനി പ്രയോഗം നടത്തുന്നതിന്റെ പ്രദര്‍ശന, പരീക്ഷണപ്പറക്കല്‍ നടത്തിയത്. കരുവാരകുണ്ട് അങ്ങാടിപ്പാടത്തെ മരനാട്ട് മന ഹരീഷിന്റെ കൃഷി സ്ഥലത്താണ് ഡ്രോണ്‍ ഉപയോഗിച്ച് മരുന്നു പ്രയോഗിച്ചത്. പത്ത് ലിറ്റര്‍ ശേഷിയുള്ള ടാങ്ക് വരുന്ന ഡ്രോണ്‍ കൊണ്ടു ഒരേക്കര്‍ സ്ഥലത്ത് വളം, മരുന്ന് പ്രയോഗം പൂര്‍ത്തിയാക്കാന്‍ പത്ത് മിനുട്ട് മതിയാകും.
കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ ഡ്രോണ്‍ റിമോട്ട് പ്രവര്‍ത്തിപ്പിച്ചു ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഷീന ജില്‍സ്, കരുവാരകുണ്ട് കൃഷി ഓഫീസര്‍ ബിജുല ബാലന്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ടി.വി. രവീന്ദ്രന്, വി. മുനവിര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങളായ എം.പി.വിജയകുമാര്‍, എസ്.കെ. നാസര്‍, തവനൂര്‍ കൃഷി വിജ്ഞാന് കേന്ദ്ര പ്രതിനിധി അക്ഷയ്, ഫാക്ട് പ്രതിനിധി ഫസീല, കാളികാവ് ബ്ലോക്ക് അസിസ്റ്റന്റ് ടെക്നിക്കല്‍ മാനേജര്‍ സാജിത എന്നിവര്‍ പ്രസംഗിച്ചു. വിവിധ കര്‍ഷക കൂട്ടായ്മ പ്രതിനിധികള്‍, കര്ഷകോത്പ്പാദന സംഘടനാ, കമ്പനി പ്രതിനിധികള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.