കീഴുപറമ്പില്‍ 5.64 കോടി ചെലവില്‍ കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി
1438502
Tuesday, July 23, 2024 8:00 AM IST
മലപ്പുറം: പൊതു, സ്വകാര്യപങ്കാളിത്തത്തോടെ മലപ്പുറം ജില്ലാ പഞ്ചായത്ത് കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ കുനിയില്‍ നടപ്പാക്കുന്ന കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി പ്രവര്‍ത്തന സജ്ജമായി.
ഉത്പാദന മേഖലയില്‍ ഒരു തദ്ദേശ സ്ഥാപനം സംസ്ഥാനത്ത് നടപ്പാക്കുന്ന ഏറ്റവും വലിയ വികസന പദ്ധതിയാകും 5.64 കോടി മുതല്‍ മുടക്കുള്ള കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി. കീഴുപറമ്പ് ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ഡെവലപ്മെന്റ് സൊസൈറ്റി രണ്ടരകോടിയിലധികം രൂപക്ക് വില കൊടുത്ത് വാങ്ങി വിട്ടു നല്കിയ സ്ഥലത്താണ് ജില്ലാ പഞ്ചായത്ത് മൂന്നര കോടി ചെലവഴിച്ച് കമ്പനി യാഥാര്‍ഥ്യമാക്കിയത്.
ചാലിയാര്‍ തീരത്തോട് ചേര്‍ന്ന് സ്ഥാപിച്ച പദ്ധതിയുടെ ഉദ്ഘാടനം അടുത്തമാസം നടത്തും. കമ്പനിയുടെ പ്രവര്‍ത്തനങ്ങളും ഉത്പാദന പ്രക്രിയയും വിപണന സാധ്യതകളും വിലയിരുത്തുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയുടെയും വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടത്തിന്റെയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സ്ഥാപനത്തില്‍ സന്ദര്‍ശനം നടത്തി. കമ്പനിയില്‍ നിന്ന് ആദ്യഘട്ടത്തില്‍ ഉത്പാദിപ്പിക്കുന്ന "കേരവന’ ബ്രാന്‍ഡഡ് വെളിച്ചെണ്ണയ്ക്ക് പുറമേ മറ്റു മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിർമിക്കുന്നതിനെക്കുറിച്ചും അവയുടെ വിപണന സാധ്യതകള്‍ കണ്ടെത്തുന്നതിനെക്കുറിച്ചും അവലോകന യോഗം ചര്‍ച്ച ചെയ്തു.
വിപണന ലാഭത്തില്‍ നിന്ന് ഒരു വിഹിതം ജില്ലാ പഞ്ചായത്തിന് ലഭിക്കുമെന്നതിനാല്‍ ജില്ലാ പഞ്ചായത്തിന്റെ തനതു വരുമാനം വര്‍ധിപ്പിക്കാനും 30 പേര്‍ക്ക് തൊഴിലവസരം ഉറപ്പാക്കാനും പദ്ധതി വഴി സാധിക്കും. കോക്കനട്ട് പ്രോസസിംഗ് യൂണിറ്റില്‍ ഉത്പാദിപ്പിക്കുന്ന കേരവന വെളിച്ചെണ്ണ വിപണനം ഉടന്‍ ആരംഭിക്കും. കേര കര്‍ഷകരില്‍ നിന്നു ഇടനിലക്കാരില്ലാതെ ഗുണമേന്മയുള്ള തേങ്ങ സംഭരിക്കുകയും കൃത്യമായ സമയത്ത് പ്രൊസസ് ചെയ്യുന്നതാണ് നിലവിലെ പ്രവര്‍ത്തന രീതി.
സള്‍ഫര്‍ പോലുള്ള മാരക രാസ വസ്തുക്കള്‍ ഉപയോഗിച്ചുള്ള കൊപ്ര സംരംഭരണവും അതുപയോഗിച്ചുളള വെളിച്ചെണ്ണ ഉത്പാദനവും വ്യാപകമായ ഇക്കാലത്ത് ശുദ്ധമായ വെളിച്ചെണ്ണ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുക എന്നതാണ് ജില്ലാ പഞ്ചായത്തിന്റെ കേരവന വെളിച്ചെണ്ണയുടെ മുഖമുദ്ര. കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിർമാണത്തിലൂടെ തകര്‍ച്ച നേരിടുന്ന കേരകര്‍ഷകരുടെ ഉന്നമനവും അതോടൊപ്പം പൊതുജനത്തിന് കുറഞ്ഞ നിരക്കില്‍ മായംചേര്‍ക്കാത്ത വെളിച്ചെണ്ണ ലഭ്യമാക്കുകയുമാണ് പദ്ധതികൊണ്ട് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
ആകെ 5,64,38,000 രൂപ ചെലവ് പ്രതീക്ഷിച്ച് ആരംഭിച്ച പദ്ധതിയില്‍ കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ഡെവലപ്മെന്റ് സൊസൈറ്റി ജില്ലാ പഞ്ചായത്തിന് സൗജന്യമായി വിട്ടുനല്‍കിയ ഭൂമിയില്‍ ജില്ലാ പഞ്ചായത്ത് കെട്ടിടം നിര്‍മിക്കുകയും പ്രതിദിനം എട്ട് ടണ്‍ വരെ പ്രോസസ് ചെയ്യാവുന്ന രണ്ട് ഡ്രൈയര്‍ അടക്കമുള്ള മെഷിനറികള്‍ സ്ഥാപിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതിയില്‍ ജില്ലയില്‍ നിന്നുള്ള ആയിരക്കണക്കിന് കേര കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
കേരവന വെളിച്ചെണ്ണ ഒരു ലിറ്റര്‍ മുതല്‍ 15 ലിറ്റര്‍ വരെയുള്ള പാക്കിംഗില്‍ ലഭ്യമാണ്. പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികള്‍ക്കുള്ള ഹോസ്റ്റലുകളിലേക്കും പട്ടികവര്‍ഗ ഉന്നതികളിലേക്കുമായി നിലമ്പൂര്‍ ഐടിസിപി മുഖേന 3500 ലിറ്റര്‍ വീതം വെളിച്ചെണ്ണയ്ക്ക് ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ലഭ്യമായിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുമായി ഒത്തുചേര്‍ന്നും സര്‍ക്കാര്‍, സര്‍ക്കാരിതര എന്‍ജിഒകളുമായി സഹകരിച്ചും കേരവന വെളിച്ചെണ്ണ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് നടപടി ആരംഭിച്ചിട്ടുണ്ട്.