ഒഴുക്കിൽപ്പെട്ട പോത്തുകളെ രക്ഷപ്പെടുത്തി
1563095
Wednesday, May 28, 2025 7:38 AM IST
പെരിന്തൽമണ്ണ: തോട്ടിൽ ഒഴുക്കിൽപ്പെട്ട ഏഴു പോത്തുകളെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. മാനത്തുമംഗലം ബൈപ്പാസിൽ മൈജി ഷോറൂമിന് സമീപത്തെ തോട്ടിലാണ് വലിയങ്ങാടി കളത്തിൽ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള ഏഴ് പോത്തുകൾ ഒഴുക്കിൽപ്പെട്ടത്.
വിവരമറിഞ്ഞ് പെരിന്തൽമണ്ണ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. കനത്ത മഴയെ തുടർന്ന് തോട്ടിൽ വെള്ളം കയറിയപ്പോൾ സമീപത്ത് മേഞ്ഞുനടന്നിരുന്ന പോത്തുകളാണ് ഒഴുക്കിൽപ്പെട്ടത്.
അഗ്നിശമന നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ബാബുരാജിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അർഷാദ്, വിജേഷ് ഉണ്ണി, സുജിത്ത് എന്നിവർ തോട്ടിലിറങ്ങിയാണ് പോത്തുകളെ പുറത്തെത്തിച്ചത്.