വായന വാരത്തിന് തുടക്കമായി
1568857
Friday, June 20, 2025 5:44 AM IST
മലപ്പുറം: വായനാദിനമായിരുന്ന ഇന്നലെ ജില്ലയിലെ സ്കൂളിലും വായനാശാലകളിലും മറ്റുംവായനാവാരത്തിന് തുടക്കമായി. വൈവിധ്യമാർന്ന പരിപാടികളാണ് ഇതോടനുബന്ധിച്ച് നടത്തിയത്.
പാറൽ:രക്ഷിതാക്കൾക്കളുടെ റീഡിംഗ് കാർഡ് വായനയിലൂടെ പാറൽ വീട്ടിക്കാട് എഎംഎൽപി സ്കൂളിൽ വായനാവാരാഘോഷങ്ങൾക്ക് തുടക്കമായി. സ്കൂൾ അസംബ്ലിയിൽ നടന്ന പരിപാടിയിൽ കുട്ടികൾ തങ്ങളുടെ രക്ഷിതാക്കൾ ഒരുക്കിയ വായനാകാർഡ് വായിക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു.
വരുംദിനങ്ങളിൽ വായനാദിന സന്ദേശറാലി, കുഞ്ഞികൈയിൽ ഒരു പുസ്തകം (ഒരു കുട്ടി ഒരു പുസ്തകം സ്കൂളിന് പരിപാടി ), വായനാദിന പ്രതിജ്ഞ, വായനാദിന മുദ്രാവാക്യ നിർമാണം,വായനാപ്ലക്കാർഡ് നിർമാണം, ഒന്നാം ക്ലാസ് കട്ടികളുടെ സ്കൂൾ അസംബ്ലി,വായനാദിന ക്വിസ് പ്രോഗ്രാം, വായനാപതിപ്പ് നിർമാണം തുടങ്ങി വിവിധ പരിപാടികൾ നടക്കും.
വായനാ വാരാഘോഷം പ്രധാനാധ്യാപകൻ കെ.കെ. അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ഹുസൈൻ പാറൽ അധ്യക്ഷത വഹിച്ചു. പ്രമുഖർ പങ്കെടുത്തു.
കുറുവ: കുറുവ എയുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മലയാളം ക്ലബിന്റെയും നേതൃത്വത്തിൽ വായനവാരാചരണത്തിന്റെയും ഡിജിൽവത്ക്കരണം നടത്തിയ ലൈബ്രറിയുടെയും ഉദ്ഘാടനം എഴുത്തുകാരിയും റിട്ടയേർഡ് അധ്യാപികയുമായ ജയന്തി പുലാമന്തോൾ നിർവഹിച്ചു.
ഹെഡ്മാസ്റ്റർ വി.മെഹബൂബ്, അധ്യാപകരായ മുഹമ്മദ് നിയാസ്, അബ്ദുസലാം,ഫഹീമ, മോനിഷ എന്നിവർ പ്രസംഗിച്ചു.
മഞ്ചേരി: മനുഷ്യനെ പൂർണതയിലെത്തിക്കുന്നത് വായനയും വിദ്യാഭ്യാസവുമാണെന്ന് എഴുത്തുകാരൻ മണന്പൂർ രാജൻ ബാബു. ജില്ലാ ഭരണകൂടവും ജില്ലാ ലൈബ്രറി കൗണ്‍സിലും പബ്ലിക് റിലേഷൻ വകുപ്പും ജില്ലാ സാക്ഷരതാ മിഷനും പി.എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഞ്ചേരി എച്ച്എംവൈ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി ഡോ. കെ.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റന്റ് എഡിറ്റർ ഐ.ആർ. പ്രസാദ് വായനദിന സന്ദേശം നൽകി. പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ കോ ഓർഡിനേറ്റർ എ. ഷഫ്ന വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി കെ. ജാഫർ, ഏറനാട് താലൂക്ക് ല ൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് ശിവകുമാർ പുറ്റാനിക്കാട്, എച്ച്എംവൈ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.കെ. സാലിഹ്, ഹെഡ്മാസ്റ്റർ അൻവർ സക്കീൽ, ഡെപ്യൂട്ടി എച്ച്എം എം. മുജീബ്, പിടിഎ പ്രസിഡന്റ് സക്കീർ വല്ലാഞ്ചിറ, ഏറനാട് താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി എൻ.ടി. ഫാറൂഖ് തുടങ്ങിയവർ പ്രസംഗിച്ചു.
തിരൂർക്കാട്: തിരൂർക്കാട് എഎം ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വായനാ ദിനാചരണം പ്രധാനാധ്യാപകൻ ഇ.കെ. അബ്ദുൾമജീദ് ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം അധ്യാപകൻ കെ.കെ. അബ്ദുസലാം അധ്യക്ഷത വഹിച്ചു.
അധ്യാപകരായ ഡോ. ഷംസുദ്ദീൻ തിരൂർക്കാട്, സി.എച്ച്. യൂനുസ്, ഉസ്മാൻ താമരത്ത്, പി.ടി. സക്കീന, ക്ലാസ് ലീഡർ ശിഖ എന്നിവർ പ്രസംഗിച്ചു.