വായനക്ക് ഗ്രേസ് മാർക്ക് മുന്പേ നടപ്പാക്കി ദാറുൽ ഫലാഹ് സ്കൂൾ
1569113
Saturday, June 21, 2025 5:16 AM IST
പെരിന്തൽമണ്ണ: വിദ്യാഭ്യാസ വകുപ്പ് വായനക്ക് ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിക്കുന്പോൾ ഈ പദ്ധതി വർഷങ്ങൾക്ക് മുന്പേ നടപ്പാക്കി പെരിന്തൽമണ്ണ പൂപ്പലം ദാറുൽ ഫലഹ് സ്കൂൾ.
കുട്ടികളിൽ ചെറിയ പ്രായത്തിൽ തന്നെ വായനാശീലം വളർത്തുന്നതിനും വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കാനും സഹായകമാകുന്ന രീതിയിൽ വായനയെ പ്രോത്സാഹിപ്പിക്കാനായി 2003ലാണ് ദാറുൽ ഫലാഹ് സ്കൂൾ പ്രത്യേകം ഗ്രേസ് മാർക്ക് നൽകി തുടങ്ങിയത്. എല്ലാ കുട്ടികൾക്കും ഒരു ലൈബ്രറി പിരീഡ് നൽകുകയും വായിക്കുന്നുണ്ടെന്ന് അധ്യാപകരും ലൈബ്രറേറിയനും കൃത്യമായി മേൽനോട്ടം നടത്തുകയും ചെയ്യുന്നു.
കുട്ടികളെ കൊണ്ട് പത്രമാസികകളും പുസ്തകങ്ങളും വായിപ്പിക്കുകയും വായിച്ച കാര്യങ്ങളെക്കുറിച്ച് കുറിപ്പ് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആഴ്ചയിലെ ഒരു ദിവസത്തെ ലൈബ്രറി പിരീഡിൽ കുട്ടികൾ വായിച്ച പുസ്തകങ്ങളും അതോടൊപ്പം കുറിപ്പും ലൈബ്രറിയിൽ ഏൽപ്പിക്കണം. ലൈബ്രറിയിൽ ഏൽപ്പിക്കുന്നതിന് മുന്പ് ക്ലാസ് ടീച്ചർ വായനാക്കുറിപ്പിൽ ഒപ്പിടണം. അതിന്റെ അടിസ്ഥാനത്തിൽ അവർക്ക് ഒരു ഗ്രേസ് മാർക്ക് നൽകും. ഈയൊരു പദ്ധതി വർഷങ്ങളായി ദാറുൽ ഫലാഹിൽ നടന്നുകൊണ്ടിരിക്കുന്നു.
അതുകൊണ്ടുതന്നെ സ്കൂളിലെ ബഹുഭൂരിപക്ഷം കുട്ടികളും നല്ല വായനാശീലമുള്ള കുട്ടികളായി മാറുകയും പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിൽ നിൽക്കുന്നതായി അധ്യാപകർ പറയുന്നു. വിശാലമായ ലൈബ്രറിയാണ് സജ്ജമാക്കിയിട്ടുള്ളത്.
കുട്ടികൾ വായിക്കേണ്ട പുസ്തകങ്ങൾ അധ്യാപകർ പ്രത്യേകം നിർദേശിക്കുകയും കുട്ടികൾ ആ പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന് കണ്ടെത്തി വായിക്കുകയും ചെയ്യും. ക്ലാസിൽ എടുക്കുന്ന പാഠഭാഗങ്ങളുടെ അനുബന്ധ നോട്ടുകൾ ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ തയാറാക്കും.
ഈയൊരു രീതി പിന്തുടർന്നത് കാരണം കുട്ടികളുടെ വായനാശീലം വർധിക്കുകയും അവർക്ക് ലോക വിവരങ്ങൾ കൂടുതൽ ഉണ്ടാവുകയും ചെയ്യുന്നു. പുസ്തകങ്ങളോടൊപ്പം തന്നെ ആനുകാലികങ്ങളും പത്രങ്ങളും ജേണലുകളും ലൈബ്രറിയിൽ ലഭ്യമാണ്.