മലയിടിച്ചിലിൽ തകർന്ന റോഡ് നന്നാക്കാൻ നടപടിയില്ല; ജനം ദുരിതത്തിൽ
1227633
Thursday, October 6, 2022 12:05 AM IST
കോടഞ്ചേരി : മുൻ വർഷങ്ങളിലുണ്ടായ മലയിടിച്ചിലിൽ തകർന്ന കോടഞ്ചേരി-തേവർമല റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കാൻ നടപടിയില്ലെന്ന് ആക്ഷേപം. ഇതു മൂലം വാഹന ഗതാഗതം ദുഷ്കരമായി.
ഓരോ മഴക്കാലത്തും തേവർമലയിൽ റോഡിനോട് ചേർന്ന് മലയിടിച്ചിൽ പതിവാണ്. കഴിഞ്ഞ 3 വർഷമായി മലയിടിച്ചിൽ മൂലം തകർന്നു കിടക്കുന്ന റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ പോലും ജില്ലാ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നു നടപടിയില്ല.
പ്രധാനമന്ത്രി ഗ്രാമ സഡക് പദ്ധതിയിൽ പണിത റോഡാണിത്. മലയിടിച്ചിലിൽനിന്ന് റോഡിന്റെ സംരക്ഷണത്തിനായി സംരക്ഷണ ഭിത്തി നിർമിക്കുന്ന പ്രവൃത്തികൾ നടത്തിയെങ്കിലും റോഡിൽ ടാറിംഗ് പൊട്ടി പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ട സ്ഥലങ്ങളിൽ കുഴികൾ അടയ്ക്കുന്നതിനു നടപടി ഉണ്ടായിട്ടില്ല. ടാറിംഗ് പൊട്ടി പൊളിഞ്ഞ് വലിയ കുഴികൾ നിറഞ്ഞതിനാൽ ഇതു വഴിയുള്ള വാഹന ഗതാഗതം അപകടകരമാണ്.
റോഡിന്റെ ഒരു വശം വലിയ താഴ്ചയാണ്. അപകടാവസ്ഥയിലായ ഈ ഭാഗത്ത് ഒരു സുരക്ഷാ സംവിധാനങ്ങളും സ്ഥാപിച്ചിട്ടില്ല.
റോഡിനോടുള്ള ജില്ലാ പഞ്ചായത്തിന്റെ കടുത്ത അവഗണനയും അലംഭാവവും എഞ്ചിനീയർമാരുടെ പിടിപ്പുകേടുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ക്വാറി അവശിഷ്ടം ഇട്ട് റോഡിലെ കുഴികൾ അടയ്ക്കുന്നതിനും അപകടാവസ്ഥയിലായ റോഡിന്റെ വശത്ത് സുരക്ഷാ വേലി സ്ഥാപിക്കുന്നതിനും അപകട സൂചനാ ബോർഡുകൾ സ്ഥാപിക്കുന്നതിനും അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം