കുട്ടികളുടെ രോഗ പ്രതിരോധ കുത്തിവയ്പ്പ്: പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കും
1243014
Friday, November 25, 2022 12:09 AM IST
കോഴിക്കോട്: ജില്ലയിൽ കുട്ടികളുടെ രോഗ പ്രതിരോധ കുത്തിവയ്പ്പിൽ പിന്നോക്കം നിൽക്കുന്ന മേഖലകളിൽ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും.
രോഗ പ്രതിരോധ കുത്തിവയ്പ്പിന്റെ ശാക്തീകരണത്തിന് ബ്ലോക്കുകളിൽ നടപ്പാക്കേണ്ട വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പരിപാടിയുടെ ഭാഗമായി പൂർണമായും കുട്ടികളുടെ രോഗ പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാകാത്ത മേഖലകളിൽ ഡിസംബർ ഒന്ന് മുതൽ 14 വരെ പ്രത്യേക ക്യാമ്പയിൻ നടത്തും.
കുട്ടികൾക്ക് പൂർണമായും രോഗ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് സംബന്ധിച്ച ബോധവത്കരണ പ്രവർത്തനങ്ങൾ താഴെ തട്ടിൽ ശക്തിപ്പെടുത്തണമെന്ന് കളക്ടർ നിർദ്ദേശിച്ചു. താഴെ തട്ടിൽ പഠനം നടത്തി കുത്തിവയ്പ്പിനൊടുള്ള സമീപനം ചോദിച്ചു മനസിലാക്കണമെന്നും കളക്ടർ പറഞ്ഞു. ജനപ്രതിനിധികൾ ഊർജിതമായി പ്രവർത്തിച്ച് പ്രചരണം ശക്തിപ്പെടുത്തണം. രോഗ പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കാത്തതുകൊണ്ട് ഒരു മരണവും ഉണ്ടാകാൻ പാടില്ലെന്നും കളക്ടർ നിർദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, ഐസിഡിഎസ് എന്നിവയുടെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസർമാർ പ്രാദേശികമായി ഇടപെടലുകൾ നടത്തി ക്യാമ്പയിൻ നടത്തണമെന്നും തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ നൂറ് ശതമാനം വാക്സിനേഷൻ കൈവരിക്കാനുള്ള ആക്ഷൻ പ്ലാൻ തയാറാക്കണമെന്നും യോഗത്തിൽ ഡിഎംഒ ഉമ്മർ ഫറൂഖ് നിർദ്ദേശിച്ചു.