നാദാപുരം: എടച്ചേരി ചുണ്ടയിൽ തെരുവിന് സമീപം വീടുകളിലും, വാഹനങ്ങളിലും പെയിന്റ് ഒഴിച്ച് വികൃതമാക്കി സാമൂഹ്യ വിരുദ്ധരുടെ പരാക്രമം. ചുണ്ടയിൽ തെരുവിന് സമീപത്തെ മരുന്നോളി ദേവദാസിന്റെ വീട്ടിന്റെ ചുവരിലും, പുതിയേടത്ത് ശിവദാസിന്റെ വീട്ട് മുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിലും, വീടിന്റെ ചുമരിലും, ക്ഷേത്ര പരിസരത്ത് നിർത്തിയിട്ട ചേരന്റെവിട ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള കാറിന് മുകളിലുമാണ് കറുത്ത പെയിന്റ് ഒഴിച്ച് വികൃതമാക്കിയത്. ചൊവ്വാഴ്ച്ച രാവിലെയാണ് അതിക്രമം വീട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. എടച്ചേരി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മാസങ്ങൾക്ക് മുമ്പും ചുണ്ടയിൽ പരിസരത്ത് സമാനമായ രീതിയിലുള്ള അക്രമങ്ങൾ നടന്നിരുന്നു.