കൃഷിവകുപ്പിന്റെ ഭൂമിയിൽ ദുരിതാശ്വാസ ഷെൽട്ടർ: ഉദ്യോഗസ്ഥർ സന്ദർശിച്ചു
1568844
Friday, June 20, 2025 5:15 AM IST
കൂരാച്ചുണ്ട്: കല്ലാനോട് കുടുംബാരോഗ്യ സബ് സെന്ററിന് സമീപം കൃഷിവകുപ്പിന്റെ അധീനതയിലുള്ള അഞ്ച് സെന്റ് ഭൂമിയിൽ വർഷങ്ങൾക്കു മുമ്പ് നിർമിച്ച കെട്ടിടം നശിച്ച സ്ഥലത്ത് ദുരിതാശ്വാസ ഷെൽട്ടർ നിർമിക്കാൻ കൂരാച്ചുണ്ട് പഞ്ചായത്ത്. പാഴായി കിടക്കുന്ന സ്ഥലം പഞ്ചായത്തിന് വിട്ടു നൽകുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം കൃഷിവകുപ്പ് മന്ത്രിക്ക് ഇതു സംബന്ധിച്ച നിവേദനം നൽകിയിരുന്നു.
തുടർന്ന് കൃഷി വകുപ്പ് ജില്ലാ എൻജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച് സർവ്വേ നടത്തി. ഇതിന്റെ തുടർ നടപടികൾ ത്വരിത ഗതിയിൽ നടത്താമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടുള്ളതായും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
മലയോര മേഖലയിൽ നിരന്തരമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾക്ക് ഇരയാവുന്നവർക്ക് പഞ്ചായത്ത് വകയിൽ താൽക്കാലികമായി ക്യാമ്പ് ചെയ്യാൻ ഇത് ഉപകരിക്കും. ജില്ലാ കൃഷി വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ സുനിൽ കുമാർ, ഓവർസിയർ ജിതേഷ്, ആയിഷ മങ്ങാട്ട്, വാർഡ് മെമ്പർ അരുൺ ജോസ്, പൊതുപ്രവർത്തകൻ കുര്യൻ ചെമ്പനാനി എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത്.