വയനാട് പാക്കേജിന്റെ 25 ശതമാനം വന്യജീവി പ്രതിരോധത്തിനു വിനിയോഗിക്കണം: കെ.ജെ. ദേവസ്യ
1226801
Sunday, October 2, 2022 12:18 AM IST
കല്‍പ്പറ്റ: മുഖ്യമന്ത്രി പ്രഖ്യാപിച്ച 7,000 കോടി രൂപയുടെ വയനാട് പാക്കേജിന്റെ 25 ശതമാനം വന്യജീവി പ്രതിരോധത്തിനു വിനിയോഗിക്കണമെന്നു കേരള കോണ്‍ഗ്രസ്എം സംസ്ഥാന സമിതിയംഗം കെ.ജെ. ദേവസ്യ ആവശ്യപ്പെട്ടു.
വനത്താല്‍ ചുറ്റപ്പെട്ടതാണ് ജില്ലയിലെ പല പ്രദേശങ്ങളും. വനാതിര്‍ത്തി ഗ്രാമങ്ങളില്‍ വന്യജീവി ശല്യം പാരമ്യതയിലാണ്. നിലവിലെ വന്യജീവി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലവും അശാസ്ത്രിയവുമാണ്. സര്‍ക്കാര്‍ അനുവദിക്കുന്ന തുകയില്‍ അധികവും വനം ഉദ്യോഗസ്ഥര്‍ കെട്ടിട നിര്‍മാണത്തിനും വാഹനങ്ങള്‍ വാങ്ങുന്നതിനുമാണ് വിനിയോഗിക്കുന്നത്.
വന്യജീവി ശല്യം തടയുന്നതിനു ശാസ്ത്രീയ പദ്ധതികള്‍ നടപ്പിലാക്കണം. ഓരോ പ്രദേശത്തിനു യോജിച്ച വിധത്തില്‍ കോണ്‍ക്രീറ്റ് മതിലുകള്‍, റോപ്പ് ഫെന്‍സിംഗ്, ഹാംഗിഗ് ഫെന്‍സിംഗ് എന്നിവ നിര്‍മിക്കണം. വനാതിര്‍ത്തികള്‍ കൃത്യമായി നിര്‍ണയിക്കണം. അതിര്‍ത്തിയില്‍നിന്നു അകത്തേക്കു ഒരു കിലോമീറ്റര്‍ പരിസ്ഥിതി കരുതല്‍ മേഖലയാക്കണം.
വനത്തില്‍ വന്യജീവികളുടെ ആവാസ സൗകര്യം കുറയുകയും വന്യജീവികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ മൃഗപ്പെരുപ്പം നിയന്ത്രിക്കുന്നതിനു പദ്ധതികള്‍ പ്രാവര്‍ത്തികമാക്കണം. വന്യജീവികള്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും വനത്തില്‍ ലഭ്യമാക്കണം. വന സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികള്‍, കര്‍ഷക സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തണം. നിലവിലെ വന സംരക്ഷണ സമിതികള്‍ മാസം തോറും യോഗം ചേരുന്നുവെന്നു ഉറപ്പുവരുത്തണം.
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം കാലോചിതമായി പുതുക്കി കാലതാമസമില്ലാതെ നല്‍കണം. വനത്തെ ഘട്ടങ്ങളായി ഏകവിളത്തോട്ട മുക്തമാക്കണം. അധിനിവേശ സസ്യങ്ങളെ കാടുകളില്‍നിന്നു പൂര്‍ണമായും ഒഴിവാക്കണമെന്നും ദേവസ്യ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി, വനം മന്ത്രി, പിസിസിഎഫ് എന്നിവര്‍ക്കുള്ള നിവേദനം നല്‍കിയതായി അദ്ദേഹം പറഞ്ഞു.