ജില്ലയ്ക്ക് മികച്ച ഇ ഗവേണൻസ് പുരസ്കാരം: ടീം അംഗങ്ങളെ അനുമോദിച്ചു
1246129
Tuesday, December 6, 2022 12:03 AM IST
കൽപ്പറ്റ: സംസ്ഥാന തലത്തിൽ മികച്ച ഇഗവേണൻസ് മികവിനുള്ള രണ്ടാമത്തെ പുരസ്കാര നേട്ടത്തിന് വയനാട് ജില്ലയെ അർഹമാക്കിയ ഉദ്യോഗസ്ഥരെ ജില്ലാ കളക്ടർ എ. ഗീതയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ആദരിച്ചു. 2019 - 20, 2020 - 21 വർഷത്തെ എറ്റവും മികച്ച രണ്ടാമത്തെ ഇ ഗവേണൻസ് ജില്ലയായി തെരഞ്ഞെടുക്കപ്പെട്ട വയനാടിനുള്ള പുരസ്കാരം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി കെ. ശിവൻകുട്ടി സമ്മാനിച്ചിരുന്നു. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഒപ്പുവച്ച ടീം അംഗങ്ങൾക്കുള്ള അനുമോദന സർട്ടിഫിക്കറ്റുകൾ ജില്ലാ കളക്ടർ തിങ്കളാഴ്ച കൈമാറി. ജില്ലാ കളക്ടർ എ. ഗീത, മുൻ ജില്ലാ കളക്ടർമാരായ എ.ആർ. അജയകുമാർ, ഡോ. അദീല അബ്ദുള്ള, സബ് കളക്ടർ ആർ. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടർ കെ. അജീഷ്, ഫിനാൻസ് ഓഫീസർ എ.കെ. ദിനേശൻ, ഡിപിഎം പി. നിവേദ്, അക്ഷയ ജില്ലാ കോഓർഡിനേറ്റർ ജിൻസി ജോസഫ്, ഷാജി പി. മാത്യൂ (കളക്ടറേറ്റ് ഡിഎം സെക്ഷൻ) എന്നിവർക്കാണ് അനുമോദന സർട്ടിഫിക്കറ്റുകൾ ലഭിച്ചത്.
ഇ ഓഫീസ്, പോൾ വയനാട് ആപ്പ്, കോവിഡ് കാലഘട്ടത്തിൽ മറ്റു ജില്ലകളിൽ നിന്നും വരുന്ന വാഹനങ്ങളെ നിരീക്ഷിക്കുന്നതിന് നിർമിച്ച വെഹിക്കിൾ ട്രാൻസിറ്റ് മോണിറ്ററിംഗ് ആപ്ലിക്കേഷൻ, ഓണ്ലൈൻ അദാലത്ത്, പട്ടികവർഗകാർക്ക് ആധികാരിക രേഖകൾ നൽകി ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കുന്നതിന് ആരംഭിച്ച് എബിസിഡി ക്യാന്പയിൻ തുടങ്ങിയവയാണ് ജില്ലയെ പുരസ്കാരത്തിന് അർഹമാക്കിയത്.
എഡിഎം എൻ.ഐ. ഷാജു, ഡെപ്യൂട്ടി കളക്ടർമാരായ കെ. അജീഷ്, വി. അബൂബക്കർ, ഫിനാൻസ് ഓഫീസർ എ.കെ. ദിനേശൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ ജസീം ഹാഫിസ്, അക്ഷയ ജില്ലാ കോർഡിനേറ്റർ ജിൻസി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.