വയനാടിന്റെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടണം: ഗീവർഗീസ് മാർ ബർണാബാസ്
1246136
Tuesday, December 6, 2022 12:04 AM IST
സുൽത്താൻ ബത്തേരി: വയനാട്ടിലെ ജനങ്ങൾ അഭിമുഖീരിക്കുന്ന പ്രശ്നങ്ങളിൽ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് ഓർത്തഡോക്സ് സഭ ബത്തേരി ബിഷപ് ഡോ.ഗീവർഗീസ് മാർ ബർണാബാസ്.
ബത്തേരി അരമനയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ജനങ്ങളോടുള്ള കടമ നിറവേറ്റണം. വിവിധങ്ങളായ പ്രശ്നങ്ങളാൽ വയനാട്ടിലെ ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുകയാണ്.
മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരുന്ന സൗഹാർദന്തരീക്ഷം വിവിധ കാരണങ്ങളാൽ വിഛേദിക്കപ്പെട്ടു.
നടപ്പാക്കാൻ ശ്രമിക്കുന്ന വന നിയമത്തിൽ വന്യജീവി സംരക്ഷണം വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും ജനങ്ങളുടെ ജീവനും സ്വത്തിനും അർഹമായ സംരക്ഷണം ഉറപ്പാക്കുന്നില്ല. കാടും നാടും വേർതിരിക്കണം. അതിനാവശ്യമായ നടപടിയുണ്ടാകണം. വന മേഖലയുടെ അതിർത്തി കൃത്യമായി നിർണയിക്കാത്തതിനാൽ ബത്തേരി ടൗണിന്റെ നിലനിൽപ് തന്നെ അനിശ്ചിതത്വത്തിലാണ്.
ജനങ്ങളുടെ സ്വപ്ന പദ്ധതിയായ നിലന്പൂർ-നഞ്ചൻകോട് റെയിൽവേ നടപ്പാക്കണം. 2016ൽ കേന്ദ്രം അനുവദിച്ച പദ്ധതിയാണിത്.
രാത്രിയാത്ര നിരോധനം ഏർപ്പെടുത്തിയതുമൂലം ജനജീവിതം ദുസഹമായിരിക്കുകയാണ്. നാടിനെ വികസനത്തെ തന്നെ ബാധിച്ചിരിക്കുകയാണ്. ഇതിലും നടപടിയുണ്ടാകണം.
ബദൽ റോഡ് സംവിധാനം ഉണ്ടാകേണ്ട ആവശ്യകതയും പ്രധാനപ്പെട്ടതാണെന്ന് ബിഷപ് പറഞ്ഞു. ഭദ്രാസന സെക്രട്ടറി ഫാ.ബേബി ജോണ്, മാത്യു എടയക്കാട്ട് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.