ആലത്തൂർ -കാപ്പിസെറ്റ് റോഡ് നിർമാണം പൂർത്തിയാകാത്തത് ജനങ്ങളെ വലയ്ക്കുന്നു
1273968
Friday, March 3, 2023 11:50 PM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ 10, 12 വാർഡുകളിലൂടെ കടന്നുപോകുന്ന ആലത്തൂർ-കാപ്പിസെറ്റ് റോഡ് നവീകരണം പൂർത്തിയാകാത്തത് ജനങ്ങളെ വലയ്ക്കുന്നു. പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയിൽ ഉൾപ്പെടുത്തി 2022 ജനുവരി മൂന്നിന് ആരംഭിച്ച പ്രവൃത്തി അനിശ്ചിതമായി നീളുകയാണ്. 2.42 കോടി ചെലവിൽ കഴിഞ്ഞ ജനുവരി മൂന്നിനു പൂർത്തിയാകേണ്ടതായിരുന്നു നിർമാണം.
പ്രവൃത്തി മൂന്നാംഘട്ടം പൂർത്തിയാക്കി ടാറിംഗ് നടത്തുന്നതിനു മുന്പ് കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കണമെന്നുപറഞ്ഞ് മാസങ്ങളോളം പണി നിർത്തി. കരാർ കന്പനിയും ജല അഥോറിറ്റിയും തമ്മിലുണ്ടായ തർക്കത്തിന് കഴിഞ്ഞമാസം പരിഹാരമായി. സാമഗ്രികൾ വേഗത്തിൽ എത്തിച്ച് നിർമാണം പൂർത്തിയാക്കാൻ ചീഫ് എൻജിനിയർ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനവുമായി. എങ്കിലും സാമഗ്രികൾ എത്തിക്കുകയോ ടാറിംഗ് ആരംഭിക്കുകയോ ചെയ്തില്ല. നിർമാണത്തിനുള്ള സംസ്ഥാന വിഹിതം ലഭിച്ചില്ലെന്നാണ് ഇപ്പോൾ പറയുന്ന തടസവാദം. മൊത്തം തുകയുടെ 40 ശതമാനം സംസ്ഥാന വിഹിതമാണ്. ഇതിനകം ടോക്കണ് തുക മാത്രമാണ് സർക്കാർ അനുവദിച്ചത്. ഇക്കാരണത്താൽ പ്രവൃത്തിയുടെ കാലാവധി വീണ്ടും നീട്ടിനൽകിയതായി സംസാരമുണ്ട്.
നവീകരണത്തിന്റെ ഭാഗമായി കുത്തിയിളക്കി മെറ്റൽ വിതറിയ പാതയിൽ കാൽനടയായോ ഇരുചക്രവാഹനങ്ങളിലോ യാത്ര ചെയ്യാനാവാത്ത അവസ്ഥയാണ്. ആളുകൾ ക്ഷീരസംഘത്തിലും കുട്ടികൾ സ്കൂളിലും പോകുന്നതു പാറക്കല്ലുകളിൽ ചവിട്ടിയാണ്. മാസങ്ങളായി അനുഭവിക്കുന്ന ദുരിതം ഇനിയും എത്രനാൾകൂടി സഹിക്കണമെന്നാണ് ജനങ്ങളുടെ ചോദ്യം. ഒരു മാസത്തിനകം പണികൾ തീർക്കുമെന്ന് കഴിഞ്ഞമാസം സ്ഥലപരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിരുന്നു.
കരാറുകാരും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് റോഡ് നിർമാണം വൈകിക്കുകയാണെന്ന സന്ദേഹം നാട്ടുകാർക്കുണ്ട്. പ്രവൃത്തി ത്വരിതഗതിയിൽ പൂർത്തിയാക്കുന്നില്ലെങ്കിൽ ബന്ധപ്പെട്ട ഓഫീസുകൾക്കുമുന്നിൽ സമരം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ നീക്കം.