വാളവയൽ ഗവ.സ്കൂളിൽ യുപി വിഭാഗം ഇല്ലാത്തത് വിദ്യാർഥികളെ അലട്ടുന്നു
1283007
Saturday, April 1, 2023 12:12 AM IST
കൽപ്പറ്റ: 57 വർഷം മുന്പ് പ്രവർത്തനം തുടങ്ങുകയും 2011ൽ ഹൈസ്കൂളായി ഉയർത്തുകയും ചെയ്ത വാളവയൽ ജിഎച്ച്എസിൽ യുപി വിഭാഗം അനുവദിക്കാത്തത് വിദ്യാർഥികളെയും രക്ഷിതാക്കളെയും അലട്ടുന്നു. വിദ്യാലയത്തിൽ നാലാം ക്ലാസ് പൂർത്തിയാക്കുന്ന കുട്ടികൾ അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിനു കിലോമീറ്ററുകൾ അകലെ മൈലന്പാടിയിലും കോളേരിയിലുമുള്ള വിദ്യാലയങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
യുപി വിഭാഗം ഒഴിവാക്കിയാണ് 12 വർഷം മുന്പ് സ്കൂൾ അപ്ഗ്രേഡ് ചെയ്തത്. വിദ്യാലയത്തിൽ യുപി വിഭാഗം അനുവദിക്കുന്നതിനു പതിറ്റാണ്ടിലധികമായി തദ്ദേശവാസികൾ നടത്തുന്ന ശ്രമം വിജയിച്ചില്ല. മന്ത്രി ഉൾപ്പെടെ വിദ്യാഭ്യാസ വകുപ്പധികാരികൾക്കു നൽകിയ നിവേദനങ്ങൾ വെറുതെയായി. സ്കൂളിൽ യുപി വിഭാഗം ആരംഭിക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവും നടപ്പായില്ല.
സംസ്ഥാനത്ത് നാല് സർക്കാർ വിദ്യാലയങ്ങളിലാണ് യുപി ക്ലാസുകൾ ഇല്ലാതെ എൽപി, ഹൈസ്കൂൾ വിഭാഗങ്ങൾ പ്രവർത്തിക്കുന്നത്. ഇടുക്കിയിലെ ഉടുന്പൻചോല, വയനാട്ടിലെ അതിരാറ്റുകുന്ന്, വാളവയൽ, പുളിഞ്ഞാൽ എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിലാണ് യുപി വിഭാഗം ഇല്ലാത്തത്. ഇതിൽ വാളവയലിനു പുറമേ അതിരാറ്റുകുന്ന് സ്കൂളും പൂതാടി പഞ്ചായത്തിലാണ്. യുപി വിഭാഗം അനുവദിക്കുന്നതിന് അധികാരികളിൽ വീണ്ടും സമ്മർദം ചെലുത്താനുള്ള നീക്കത്തിലാണ് വാളവയൽ നിവാസികൾ. പിടിഎ മുഖേന അധ്യാപകരെ നിയമിച്ച് അടുത്ത അധ്യയന വർഷം മുതൽ യുപി ക്ലാസുകൾ നടത്താനും ആലോചനയുണ്ട്.