"തോൽപ്പെട്ടിയിലെ വന്യജീവി ശല്യം പരിഹരിക്കണം’
1339855
Monday, October 2, 2023 12:53 AM IST
മാനന്തവാടി: തോൽപ്പെട്ടിയിലെയും സമീപങ്ങളിലെയും രൂക്ഷമായ വന്യജീവി ശല്യത്തിന് സത്വര പരിഹാരം കാണണമെന്ന് മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി ഭാരവാഹികളായ പി.ജെ. ജോണ്, രാധാകൃഷ്ണൻ, എള്ളിൽ മുസ്തഫ, ഷിജു താഴയങ്ങാടി എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തോൽപ്പെട്ടിയിലും പരിസരങ്ങളിലും ഏതാനും ദിവസങ്ങളായി വന്യജീവി ശല്യം വർധിച്ചിരിക്കയാണ്. ആനകൾക്കു പുറമേ മാൻ, മയിൽ, കുരങ്ങ്, പന്നി എന്നിവയും കൃഷി നശിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്തെ കർഷകന്റെ വൈക്കോൽ തുറു കാട്ടാനകൾ മറിച്ചിട്ടു.
നായ്ക്കട്ടി പാലത്തിന് സമീപം വനം വകുപ്പിന്റെ കാവൽമാടം ഉണ്ടെങ്കിലും കാവൽക്കാർ ഉണ്ടാകാറില്ല. ഇത് വന്യജീവികൾക്ക് കാടിറക്കത്തിനു സൗകര്യമാകുകയാണ്. നിരവധി തവണ വനം ഓഫീസിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ല.
വന്യമൃഗശല്യത്തിനെതിരേ നടപടി സ്വീകരിക്കാത്തത് കർഷകരോടുള്ള വെല്ലുവിളിയാണ്. അധികാരസ്ഥാനത്തുള്ളവർ ഉത്തരവാദിത്തം നിറവേറ്റിയില്ലെങ്കിൽ ജനങ്ങൾ ശക്തമായ സമരത്തിനു നിർബന്ധിതരാകുമെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു.