പ്രതിപക്ഷം വിമർശിക്കുന്പോൾ മന്ത്രിമാർക്കു പൊള്ളും: വി.ഡി. സതീശൻ
1436790
Wednesday, July 17, 2024 8:02 AM IST
സുൽത്താൻ ബത്തേരി: പ്രതിപക്ഷം വിമർശിക്കുന്പോൾ മന്ത്രിമാർക്ക് പൊള്ളുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെപിസിസി നേതൃക്യാന്പിൽ പങ്കെടുക്കുന്നതിന് സപ്ത റിസോർട്ടിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. പിണറായിക്ക് പഠിക്കുന്ന തദ്ദേശമന്ത്രി എം.ബി. രാജേഷിന് താൻ വിമർശനത്തിന് അതീതനാണെന്ന തോന്നൽ വന്നുതുടങ്ങി. സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടുകയും തിരുത്തിക്കുകയുമാണ് പ്രതിപക്ഷ ധർമം. ആമയിഴഞ്ചാൻ തോട്ടിൽ തൊഴിലാളി ജോയി വീണപ്പോൾ പ്രതിപക്ഷം വിമർശിച്ചെന്നാണ് തദ്ദേശമന്ത്രിയുടെ പരാതി.
ജോയിയെ രക്ഷിക്കുന്നതിന്റെ ഭാഗമായി യന്ത്രസഹായത്തോടെ ടണ് കണക്കിന് മാലിന്യമാണ് നീക്കിയത്. നേരത്തേ വിചാരിച്ചിരുന്നെങ്കിൽ മാലിന്യം മാറ്റാൻ കഴിയുമായിരുന്നു. ആമയിഴഞ്ചാൻ തോട്ടിൽ റെയിൽവേയുടെ സ്ഥലത്തുമാത്രമല്ല മാലിന്യം. ജോയിയുടെ മൃതദേഹം കണ്ടെത്തിയ തകരപ്പറന്പ് മാലിന്യക്കൂന്പാരമാണ്. ആ സ്ഥലം റെയിൽവേയുടേതല്ല. കോർപറേഷൻ പരിധിയിലെ സ്ഥലമാണ്. തിരുവനന്തപുരത്തെ 1,039 ഓടകളിൽ 839 എണ്ണത്തിന്റെ ശുചീകരണം കഴിഞ്ഞെന്നാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. പല ഓടകളും വൃത്തിയാക്കിയിട്ടില്ല.
പെരുമാറ്റച്ചട്ടം കാരണം യോഗം നടത്താൻ പറ്റിയില്ലെന്നാണ് മറ്റൊരു വാദം. മന്ത്രിമാരും എംഎൽഎമാരും യോഗം ചേരുന്നതിനുമാത്രമേ പെരുമാറ്റച്ചട്ടവിലക്കുള്ളൂ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് മഴക്കാല പൂർവശുചീകരണം നടത്തണമായിരുന്നു. ഒരു രാത്രി മുഴുവൻ മഴ പെയ്താൽ തിരുവനന്തപുരം വെള്ളത്തിലാകും. യുഡിഎഫ് ഭരണകാലത്ത് തുടങ്ങിവച്ച ഓപറേഷൻ അനന്ത മുന്നോട്ട് കൊണ്ടുപോകാൻ ഇടതു സർക്കാർ തയാറായില്ല.
നിയമസഭയിൽ തന്റെ നേരേ പ്രതിപക്ഷ നേതാവ് കൈ ചൂണ്ടി സംസാരിച്ചെന്നാണ് ഒരു മന്ത്രിയുടെ പരാതി. വിരൽ ചൂണ്ടാനുള്ളതുമാണ്. മന്ത്രിയുടേതിനു മാത്രമല്ല, മുഖ്യമന്ത്രിയുടെ മുഖത്തിനുനേരേയും വിരൽ ചൂണ്ടി സംസാരിക്കും. രാഷ്ട്രീയമായി വിമർശിച്ചെന്നതാണ് മറ്റൊരു മന്ത്രിയുടെ പരാതി. മന്ത്രിമാർ വിമർശത്തിന് അതീതരല്ല. തെറ്റ് കണ്ടാൽ വിമർശിക്കുകതന്നെ ചെയ്യും. മന്ത്രിമാർ സഹിഷ്ണുതയോടെ പെരുമാറി കാര്യങ്ങൾ ചെയ്യണം. പ്രതിപക്ഷ അഭിനന്ദനം നേടുന്നതിന് സർക്കാർ അവസരം ഉണ്ടാക്കണം.
കേരളത്തിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നുവെന്ന് നിയമസഭയിൽ പറഞ്ഞപ്പോൾ മഴ പെയ്യുന്പോൾ പകർച്ചവ്യാധികൾ ഉണ്ടാകുമെന്നും ഇതിന് മുൻപും വന്നിട്ടുണ്ടെന്നുമാണ് ആരോഗ്യമന്ത്രി മറുപടി നൽകിയത്. പൊതുജനാരോഗ്യ വിദഗ്ധരായ ഡോ. ഇക്ബാലും ഡോ.എസ്.എസ്. ലാലും പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ച അതേകാര്യമാണ് ഇപ്പോൾ പറഞ്ഞത്. പൊതുജനാരോഗ്യ സംരക്ഷണം സർക്കാരിന്റെ ഉത്തരവാദിത്തമാണ്. പക്ഷേ അതിന് തയാറാകുന്നില്ല.
ഒരു മെഡിക്കൽ കോളജിൽ ആറാം വിരലിന് പകരം നാവിൽ ഓപറേഷൻ നടത്തി. മറ്റൊരിടത്ത് രണ്ട് രാത്രിയും ഒരു പകലും ഒരാൾ ലിഫ്റ്റിൽ കുടുങ്ങി. ഈ മന്ത്രി വന്നതിനുശേഷം നടത്തിയ അന്വേഷണ റിപ്പോർട്ടുകൾ ചേർത്താൽ വലിയൊരു പുസ്തകമാക്കാം. കെടുകാര്യസ്ഥതയാണ് സർക്കാരിന്റെ മുഖമുദ്രയെന്ന പ്രതിപക്ഷ ആരോപണത്തിന് എല്ലാദിവസും മന്ത്രിമാർ തന്നെ അടിവരയിടുകയാണ്.
കോണ്ഗ്രസ് സംഘടനാപരമായ ദൗർബല്യങ്ങൾ പരിഹരിക്കും. പാർലമെന്റ് തെരഞ്ഞെടുപ്പിനേക്കാൾ മികച്ച രീതിയിൽ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളെ നേരിടും. സംഘടനാ പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും ശക്തിപ്പെടുത്തും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കുക്കെതിരായ പോരാട്ടം മുന്നോട്ടു കൊണ്ടുപോകും. ഇക്കാര്യങ്ങളിൽ തീരുമാനം നേതൃയോഗത്തിൽ ഉണ്ടാകും. മുതിർന്ന നേതാക്കൾ ഉൾപ്പെടെ എല്ലാവരുമായും കൂടിയാലോചിച്ച് ടീം ആയി മുന്നോട്ടു പോകുമെന്നും സതീശൻ പറഞ്ഞു.