പുൽപ്പള്ളി: കർഷക കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ടൗണിൽ സായാഹ്ന ധർണ നടത്തി. സബ് രജിസ്ട്രാർ ഓഫീസ് മുള്ളൻകൊല്ലിക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, വർധിക്കുന്ന വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക, സഹകരണ ബാങ്കുകളിലെ പലിശരഹിത വായ്പകൾ പുനഃസ്ഥാപിക്കുക, കടാശ്വാസ കമ്മീഷൻ കർഷകർക്ക് അനുവദിച്ച വായ്പ ഇളവ് ബാങ്കുകൾക്ക് ലഭ്യമാക്കുക, സപ്ലൈകോയിലൂടെ വിതരണം ചെയ്യുന്ന നിത്യോപയോഗ സാധനങ്ങളുടെ വില വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
കെപിസിസി നിർവാഹക സമിതിയംഗം കെ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്തു. കർഷക കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമറ്റ് കോതവഴിക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എൻ.യു. ഉലഹാന്നാൻ, കോണ്ഗ്രസ് മീനങ്ങാടി ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയംകാവിൽ, കർഷക കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം എം.എ. പൗലോസ്, ടോമി തേക്കുമല, മണി പാന്പനാൽ, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി, പി.എം. കുര്യൻ, റെജി പുളിങ്കുന്നേൽ, സിജു പൗലോസ്, സി.പി. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.