കൊട്ടിക്കയറാന്‍ തോമാപുരമില്ല; ബാന്‍ഡ് മേളമില്ലാതെ കലോത്സവം
1244211
Tuesday, November 29, 2022 12:46 AM IST
ബാന്‍ഡ് വാദ്യത്തിന്റെ താളമില്ലാതെ സ്കൂള്‍ കലോത്സവം. കലോത്സവ വേദിയെ സ്ഥിരമായി കൊട്ടിപ്പാടിയുണര്ത്തുന്ന തോമാപുരം സെന്റ് തോമസ് എച്ച്എസ്എസ് ഇത്തവണ ടീമുകളെ അയക്കാത്തതിനെ തുടര്‍ന്ന് ഇക്കുറി ഈയിനം തന്നെ സംഘാടകര്‍ക്ക് റദ്ദാക്കേണ്ടി വന്നു. കഴിഞ്ഞ 12 വര്‍ഷം തുടര്‍ച്ചയായി ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജില്ലാതലത്തില്‍ ഒന്നാംസ്ഥാനവും സംസ്ഥാനതലത്തില്‍ എ ഗ്രേഡും നേടിക്കൊണ്ടിരുന്ന ടീമായിരുന്നു തോമാപുരം. കോവിഡിനെതുടര്‍ന്ന് രണ്ടു വര്‍ഷം പരിശീലനം മുടങ്ങിയതുകൊണ്ടാണ് ഇക്കുറി ടീമിനെ അയക്കാന്‍ കഴിയാതെ വന്നതെന്ന് തോമാപുരംസെന്റ് തോമസ് സ്കൂള്‍ മുഖ്യാധ്യാപിക കെ.എ.റോസിലിന് പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ പങ്കെടുത്ത കുട്ടികളില്‍ പലരും കോഴ്സ് പൂര്‍ത്തിയാക്കി മടങ്ങി.
വെയിലും പൊടിയുമൊക്കെ സഹിച്ച് കഠിനമായ പരിശീലനം നടത്തിയാലേ ബാന്‍ഡ് മേളം പഠിക്കാന്‍ കഴിയൂ. എന്നാല്‍ കോവിഡിന്റെ ആലസ്യം ഇക്കുറി കുട്ടികളെയും ബാധിച്ചതായും റോസിലിന് പറഞ്ഞു. എങ്കിലും അടുത്ത കലോത്സവത്തിന് ടീമിനെ ഇറക്കാനുള്ള ഒരുക്കത്തിലാണ് സ്കൂള്‍. ലക്ഷങ്ങള്‍ വിലമതിക്കുന്ന സംഗീതോപകരണങ്ങളും യൂണിഫോമുമെല്ലാം സ്കൂളിനു സ്വന്തമായുണ്ട്. ബാന്‍ഡ് പരിശീലകനായ അധ്യാപകന് ടി.എസ്.ജോസ് ഈ അധ്യയനവര്‍ഷത്തിനൊടുവില്‍ സര്‍വീസില്‍ നിന്നും വിരമിക്കുകയാണ്. എങ്കിലും പുതിയ ടീമിനെ വാര്‍ത്തെടുക്കാനായി തന്റെ സേവനം വിനിയോഗിക്കാമെന്ന് അദ്ദേഹം അറിയിച്ചതായും റോസിലിന് പറഞ്ഞു.