വായനയെ ജനകീയമാക്കാന്‍ പുസ്തകവണ്ടി
1244212
Tuesday, November 29, 2022 12:46 AM IST
ജില്ലാ സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് പുസ്തകവണ്ടി ഒരുക്കിയ പുസ്തകോത്സവം ശ്രദ്ധേയമാകുന്നു. മലയാളത്തിലെ എല്ലാ പ്രമുഖ പ്രസാധകരുടേയും പുസ്തകങ്ങള്‍ പുസ്തകോത്സവത്തില്‍ ലഭ്യമാണ്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ വായനക്കാരില്‍ നല്ല സ്വീകാര്യത ലഭിച്ച സംരംഭമായ പുസ്തകവണ്ടിയുടെ ആദ്യ പുസ്തകോത്സവമാണ് ചായ്യോത്ത് നടക്കുന്നത്. ആളുകള്‍ ആവശ്യപ്പെടുന്ന പുസ്തകങ്ങള്‍ വായനക്കാരിലേക്ക് നേരിട്ടും അല്ലാതെയും എത്തിക്കുന്ന ജയേഷ് കൊടക്കലിന്റെയും നബിന് ഒടയഞ്ചാലിന്റെയും സംരംഭമാണ് പുസ്തകവണ്ടി. പുസ്തകങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ച് വായനയെ ജനകീയമാക്കുക എന്ന ലക്ഷ്യം കൂടി പുസ്തകവണ്ടിയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്. ചലച്ചിത്ര ടെലിവിഷന്‍ താരം ഉണ്ണിരാജ് ചെറുവത്തൂര്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയ ഉണ്ണിരാജിനെ നമ്മള് സൗഹൃദകൂട്ടായ്മയും പുസ്തകവണ്ടിയും ചേര്‍ന്ന് ആദരിച്ചു. കവയത്രിയും നടിയുമായ സി.പി.ശുഭ, നബിന് ഒടയഞ്ചാല്‍, ജയേഷ് കൊടക്കല്‍, ചന്ദ്രു വെള്ളരിക്കുണ്ട് എന്നിവര്‍ സംബന്ധിച്ചു. പുസ്തകോത്സവഭാഗമായി ഫോട്ടോ പോയന്റും ഒരുക്കിയിട്ടുണ്ട്. കലോത്സവ നഗരിയില്‍ എത്തുന്നവര്‍ക്ക് പുസ്തകവണ്ടിയുടെ ഫോട്ടോ പോയന്റില്‍ നിന്ന് ഫോട്ടോ എടുത്താല്‍ നറുക്കെടുപ്പിലൂടെ ആയിരം രൂപയുടെ പുസ്തകങ്ങള്‍ സൗജന്യമായി നല്‍കും.