കാസര്‍ഗോഡ്: റെയില്‍വേ വികസനത്തില്‍ ഏറ്റവും പുറകില്‍ നില്ക്കുന്ന കാസര്‍ഗോഡ് ജില്ലയുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം വേണമെന്നാവശ്യപ്പെട്ട് കാസര്‍ഗോഡ് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന് നിവേദനം നല്കി.
നിവേദകസംഘത്തില്‍ പ്രസിഡന്റ് ആര്. പ്രശാന്ത്കുമാര്‍, ജനറല്‍ സെക്രട്ടറി നാസര്‍ ചേര്‍ക്കളം, നിസാര്‍ പെര്‍വാഡ്, അന്‍വര്‍, ജാസിര്‍ ചെങ്കള, നാഗരാജ, നായീം ഫെമിന, അന്‍വര്‍ പള്ളം, ഡോ.ജമാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
നിവേദനത്തിലെ ആവശ്യങ്ങള്‍
n മണ്‍സൂണ്‍ കാലത്ത് പുതിയ സമയക്രമം അനുസരിച്ച് ഇപ്പോള്‍ വൈകുന്നേരം 5.10നു നേത്രാവതിക്ക് ശേഷം കോഴിക്കോട് നിന്നും കാസര്‍ഗോഡ് അടക്കമുള്ള കണ്ണൂരിനിപ്പുറമുള്ള വടക്കന്‍ പ്രദേശത്തേക്ക് ഒരു വണ്ടിയുമില്ല.
പിന്നെയുള്ള അടുത്ത വണ്ടി പിറ്റേന്ന് പുലര്‍ച്ചെ ഒരു മണിക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് മാത്രമാണ്.ഇതു കണ്ണൂര്‍ കഴിഞ്ഞുള്ള വടക്കോട്ടുള്ള എല്ലാ ജനങ്ങളെയും വളരെ അധികം ദുരിതത്തില്‍ ആക്കിയിരിക്കുകയാണ്.
ഉത്തരമലബാറില്‍ നിന്നും ധാരാളം പേര് വിദ്യാഭ്യാസത്തിനും ചികിത്സാ ആവശ്യത്തിന് വേണ്ടിയും ഔദ്യോഗിക ആവശ്യത്തിനും ദിവസേന കോഴിക്കോട് പോയി തിരിച്ച് വരുന്നവരാണ്. ഇതിന് പരിഹാരമായി കോഴിക്കോട് നിന്നും കണ്ണൂര്‍ വരെ ഉച്ചക്ക് 2.05 ന് പോകുന്ന പാസഞ്ചര്‍ വണ്ടി വൈകുന്നേരം ഏഴിനു കോഴിക്കോട് നിന്നും മംഗളുരുവിലേക്ക് സര്‍വീസ് നടത്തണം.
n വൈകുന്നേരം മലബാര്‍ എക്സ്പ്രസിന് ശേഷം മംഗളുരുവില്‍ നിന്ന് പിന്നീട് കണ്ണൂര്‍, കോഴിക്കോട് ഭാഗത്തേക്ക് രാത്രി 11.45നു മാത്രമേ വണ്ടിയുള്ളൂ.
കണ്ണൂരിലും കോഴിക്കോടും കാസര്‍ഗോഡുമുള്ള ഒരുപാട് പേര് വിവിധ ആവശ്യങ്ങള്‍ക്കായി മംഗളുരുവിനെയാണ് ആശ്രയിക്കാറുള്ളത്. അതുകൊണ്ടു തന്നെ രാത്രികാല വണ്ടി ഇല്ലാത്തതിനാല്‍ വളരെയധികം കഷ്ടത അനുഭവിക്കുന്നു. ആയതിനാല്‍ രാത്രി എട്ടിനു മംഗളുരുവില്‍ നിന്നും കണ്ണൂരിലേക്ക് ഒരു പാസഞ്ചര്‍ വണ്ടി വളരെ അത്യാവശ്യമാണ്.
കണ്ണൂരില്‍ എത്തിയശേഷം ഈ വണ്ടി തിരിച്ച് കണ്ണൂരില്‍ നിന്നും മംഗളുരുവിലേക്ക് കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിനും തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിനും കണക്ഷന് വണ്ടിയായി ഓടിച്ചാല്‍ കണ്ണൂര്‍ കഴിഞ്ഞാല്‍ ഉള്ള വടക്കന്‍ മലബാറിലെ ജനങ്ങള്‍ക്ക് വലിയ ഉപകാരമായിരിക്കും.
n ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരമാകുന്ന അന്ത്യോദയ എക്സ്പ്രസ് ദിവസേന ഓടിക്കാന്‍ തയാറാകണം. രാത്രി കാലത്ത് മംഗളുരുവില്‍ നിന്നും കേരളത്തിന്റെ വടക്കോട്ട് ധാരാളം യാത്രക്കാര്‍ വണ്ടി ഇല്ലാതെ കഷ്ടപ്പെടുകയാണ്. അന്ത്യോദയ എക്സ്പ്രസ് ദിവസേന ആക്കുന്നത്തോടെ ഈ വലിയ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് മാത്രമല്ല അത് ഏറ്റവും വരുമാനമുള്ള വണ്ടിയായി മാറുകയും ചെയ്യും.
ഈ വണ്ടിയുടെ ജനപ്രീതി കാരണം ആ വണ്ടി സ്പെഷ്യല്‍ ട്രെയിനായി ഓടിക്കാന്‍ റെയില്‍വേ തീരുമാനിച്ചത് തന്നെ ഞങ്ങളുടെ ആവശ്യത്തിനുള്ള വലിയ തെളിവാണ്. മാത്രമവുമല്ല ഇത് മംഗളുരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആരംഭിക്കുകയും വേണം. എങ്കിലേ മംഗളുരു ടൗണിലുള്ള ജനങ്ങള്‍ക്ക് ഉപകാരപ്രദമാവുള്ളൂ.
n കുമ്പളയില്‍ റെയില്‍വേക്ക് 30 ഏക്കര്‍ സ്ഥലമുള്ളത് പിറ്റ് ലൈന്‍ ആയി വികസിപ്പിച്ചാല്‍ തിരുവനന്തപുരം കൊച്ചുവേളി മോഡല്‍ പോലെ കുമ്പള റെയില്‍വേ സ്റ്റേഷന് വികസിപ്പിക്കാന്‍ സാധിക്കുകയും പുതിയ വണ്ടികള്‍ ആരംഭിക്കാന്‍ സാധിക്കുകയും ചെയ്യും.
n മംഗളൂരുവില്‍ നിന്നും വൈകുന്നേരം കണ്ണൂരിലേക്കുള്ള പാസഞ്ചര്‍ ട്രെയിന്റെ സമയം മാറ്റം കൊറോണക്ക് മുമ്പ് സര്‍വീസ് നടത്തിയ പോലെ ആവണമെന്ന യാത്രക്കാരുടെ ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.
ഇതുമൂലം മാവേലി എക്സ്പ്രസും പാസഞ്ചറും രണ്ടും ലേറ്റായി കൊണ്ട് സ്ത്രീജനങ്ങള്‍ ഉള്‍പ്പെടുന്ന രോഗികളുമായി മംഗളൂരുവില്‍ നിന്ന് മടങ്ങുന്ന പൊതുജനങ്ങള്‍ക്ക് വലിയ ദുരിതമായി കൊണ്ടിരിക്കുകയാണ്.
n കാസര്‍ഗോഡ് സ്റ്റേഷനിലെ പാര്‍ക്കിംഗ് പ്രശ്നം, വാഹന പാര്‍ക്കിങ്ങിലും പാസഞ്ചര്‍ പ്ലാറ്റ്ഫോമിലും ലൈറ്റ് ഇല്ലാത്ത പ്രശ്നം, ഇരിക്കാന്‍ സ്റ്റീല്‍ ബെഞ്ചില്ലാത്ത പ്രശ്നം, ആവശ്യത്തിന് ഫാനുകളില്ലാത്ത പ്രശ്നം, മേല്ക്കൂരകള്ക്കിടയിലെ ഗ്യാപ്പ്, തൂണുകളില്‍ ഘടിപ്പിക്കുന്ന ഡയമണ്ട് ബോര്‍ഡുകള്‍ എന്നിവയില്‍ പരിഹാരമുണ്ടാവണം
n ഇന്‍ഫര്‍മേഷന്‍ സെന്ററിലെ സ്റ്റാഫ് ഷോര്‍ട്ടേജ്, റിസര്‍വേഷന്‍ ടിക്കറ്റ് കൗണ്ടറിലെ സ്റ്റാഫ് ഷോര്‍ട്ടേജ് നിരന്തര പരിഹാരം ആവശ്യപ്പെട്ടിട്ടും പരിഹാരമായില്ല.
n മലബാര്‍ എക്സ്പ്രെസ്, തിരുവനന്തപുരം- മംഗളൂരു എക്സ്പ്രസ്സ് വണ്ടികളില്‍ കണ്ണൂര്‍ മുതല്‍ മംഗലാപുരം വരെ ഇപ്പോള്‍ ഡിറിസര്‍വ്ഡ് കോച്ചുകളുടെ എണ്ണം ഒന്നായി പരിമിതപ്പെടുത്തിയത് വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും അടക്കമുള്ള സ്ഥിരം യാത്രക്കാര്‍ക്ക് വലിയ പ്രശ്നം സൃഷ്ടിക്കുന്നു. ഈ രണ്ടു ട്രെയിനുകളിലും അഞ്ചു കമ്പാര്‍ട്ടുമെന്റുകള്‍ എങ്കിലും ഡിറിസര്‍വ്ഡ് ആക്കി കൊടുക്കണം.