ഓറഞ്ച് ദി വേള്‍ഡ് കാമ്പയിനിന് തുടക്കമായി
1374430
Wednesday, November 29, 2023 7:32 AM IST
കാഞ്ഞങ്ങാട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങൾക്കും ലിംഗവിവേചനത്തിനുമെതിരായ ഓറഞ്ച് ദി വേള്‍ഡ് കാമ്പയിന് ജില്ലയിലും തുടക്കമായി.
ജില്ലാ വനിതാ-ശിശു വികസന ഓഫീസിന്റെയും ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണിന്റെയും നേതൃത്വത്തില്‍ നടന്ന പരിപാടി പടന്നക്കാട് നെഹ്റു കോളജില്‍ സബ്കളക്ടര്‍ സൂഫിയാന് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍ വി.എസ്. ഷിംന അധ്യക്ഷത വഹിച്ചു.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍, ഗാര്‍ഹികപീഡനം, ലിംഗ വിവേചനം, സ്ത്രീധനപീഡനം, ശൈശവവിവാഹം, ദുരാചാരങ്ങള്‍ തുടങ്ങിയവ സമൂഹത്തില്‍ നിന്നും ഇല്ലാതാക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവിധ സന്ദേശങ്ങളടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള റാലി സബ്കളക്ടര്‍ ഫ്ളാഗ് ഓഫ് ചെയ്തു.
വിദ്യാർഥികൾ സ്ത്രീധന നിരോധന പ്രതിജ്ഞ ചൊല്ലി. കോളജ് പ്രിന്‍സിപ്പൽ ഡോ.കെ.വി. മുരളി മുഖ്യപ്രഭാഷണം നടത്തി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.കെ.വി. വിനേഷ് കുമാര്‍, മിഷന് ശക്തി ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് ആന്‍സി വിജിന എന്നിവര്‍ പ്രസംഗിച്ചു. കാമ്പയിനിന്റെ ഭാഗമായി ഡിസംബര്‍ 10 വരെ വിവിധ പരിപാടികള്‍ നടത്തും.