കാസര്‍ഗോഡ് കുള്ളനെ സംസ്ഥാനത്തിന്റെ തനത് പശുവായി അംഗീകരിക്കാന്‍ സാധിക്കണം: മന്ത്രി ചിഞ്ചുറാണി
1560984
Tuesday, May 20, 2025 1:11 AM IST
ബദിയഡുക്ക: കാസര്‍ഗോഡ് കുള്ളന്‍പശുവിനെ സംസ്ഥാനത്തിന്റെ തനത് പശുവായി അംഗീകരിക്കാന്‍ സാധിക്കണമെന്ന് മൃഗസംരക്ഷണമന്ത്രി ജെ.ചിഞ്ചുറാണി. ബേളയിലെ കുള്ളന്‍പശു ഫാം അഡ്മിനിസ്ട്രേഷന് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 1000 കാസർഗോഡ് കുള്ളന്‍ പശുക്കളെ സംരക്ഷിക്കപ്പെട്ടാല്‍ നമുക്ക് സംസ്ഥാനത്തിന്റെ തനത് പശുവായി അംഗീകരിക്കാന്‍ സാധിക്കും. നിലവില്‍ വെച്ചൂര്‍ പശുക്കള്‍ മാത്രമാണ് അത്തരത്തില്‍ അംഗീകരിക്കപ്പെട്ട തനത് പശുക്കളായി ഉള്ളതെന്നും കാസര്‍ഗോഡ് കുള്ളനെ കൂടി ആ പട്ടികയിലേക്ക് ഉള്‍പ്പെടുത്താന്‍ നമുക്ക് കഴിയണം.
നിലവില്‍ സംസ്ഥാനത്ത് 95 ശതമാനവും സങ്കരയിനം പശുക്കളാണുള്ളത്. ഈ സാഹചര്യത്തില്‍ നാടന്‍ പശുക്കള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അത്തരത്തില്‍ വലിയ പ്രാധാന്യമുള്ള സ്ഥാപനമാണ് ബേളയിലെ കുള്ളന്‍ പശുക്കളെ സംരക്ഷിക്കുന്ന കന്നുകാലി ഫാം. നമ്മുടെ നാട്ടിലെ നാടന്‍ പശുക്കളുടെ പാലും പാല് ഉത്പന്നങ്ങളും മറ്റു പശുക്കളുടെ പാല്, പാല് ഉത്പന്നങ്ങളെക്കാള്‍ പോഷക മൂല്യം ഏറിയതാണെന്നും അതിനാല്‍ കൂടുതല്‍ ഉത്പാദന ക്ഷമതയുള്ള നാടന്‍ പശു ഇനങ്ങളെ വളര്‍ത്തിയെടുക്കാന്‍ സാധിക്കണം.
ബേളയിലെ പാറ പ്രദേശം തീറ്റപുല്കൃഷിക്കായി ഉപയോഗിക്കണമെന്നും മികച്ച പോഷകമൂല്യങ്ങളുള്ള പുല്ല് വളര്‍ത്തി കന്നുകാലികള്‍ക്ക് നല്കി മികച്ച ഉത്പാദനം ലഭ്യമാക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി.ശാന്ത മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് എം.അബ്ബാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.പി.സ്വപ്ന, അബ്ദുള്‍ റഹ്മാന്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.കെ.മനോജ് കുമാര്‍, കാസര്‍ഗോഡ് ചീഫ് വെറ്റനറി ഡോ.വി.വി.പ്രദീപ് കുമാര്‍, പൊതുമരാമത്ത് എഇ എം.സജിത്കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബി.എം.സുബൈര്‍, പി. സുധാകര, ശ്യാമപ്രസാദ്, അന്‍വര്‍ ഓസോണ്‍, മഹേഷ് നെടുഗള, മൃഗസംരക്ഷണ വകുപ്പ് റിട്ട. അഡീഷണല്‍ ഡയറക്ടര്‍ ഡോ.പി.നാഗരാജ എന്നിവര്‍ സംസാരിച്ചു.
അസി.ഡയറക്ടര്‍ ഇ.ചന്ദ്രബാബു സ്വാഗതവും മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.പി.പ്രശാന്ത് നന്ദിയും പറഞ്ഞു.