എടച്ചാക്കൈ-ആയിറ്റി തീരദേശ റോഡിലെ കലുങ്ക് തകർച്ചയിൽ
1561496
Thursday, May 22, 2025 1:22 AM IST
പടന്ന: എടച്ചാക്കൈ-ആയിറ്റി തീരദേശ റോഡിൽ മനക്കാർ തോടിന് കുറുകെയുള്ള കലുങ്കിന്റെ അടിഭാഗം തകർന്നത് അപകട ഭീഷണി ഉയർത്തുന്നു. 35 വർഷം മുമ്പ് നിർമിച്ച കലുങ്ക് തകരാൻ തുടങ്ങിയിട്ട് മൂന്നുവർഷത്തിലധികമായി.
സ്ലാബിന്റെ അടിവശത്തെ സിമന്റ് ഭാഗങ്ങൾ പലതും അടർന്നുവീണു. പുറത്തുകാണുന്ന കമ്പികൾ പലതും തുരുമ്പിച്ച് പൊട്ടിയ നിലയിലാണ്. ഇരുപതോളം ബസുകളുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് പ്രതിദിനം ഇതുവഴി കടന്നുപോകുന്നത്.
നാട്ടുകാരുടെ പരാതിയെത്തുടർന്ന് രണ്ടുവർഷം മുമ്പ് പൊതുമരാമത്ത് വകുപ്പിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി കലുങ്കിന്റെ കാലപ്പഴക്കവും അപകട ഭീഷണിയും പരിശോധിച്ചിരുന്നു. എന്നാൽ, തുടർ നടപടികളൊന്നുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ഇക്കാര്യത്തിൽ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് നിവേദനം നല്കാനാണ് ഇവരുടെ തീരുമാനം.