ആംബുലന്‍സ് മറിഞ്ഞ് വീട്ടമ്മ മരിച്ചു
1561422
Wednesday, May 21, 2025 7:26 AM IST
കാസര്‍ഗോഡ്: മകളുമായി മംഗളൂരുവിലെ ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് അമ്മ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ വാരം ചതുരക്കിണർ കണിയാങ്കണ്ടി ഹൗസിൽ ഷാഹിന (48) ആണ് മരിച്ചത്. ഷാഹിനയുടെ മകള്‍ റിയ ഫാത്തിമ (ഒമ്പത്), ഷാഹിനയുടെ സഹോദരി ഷാജിന (45), മരുമകന് അസീവ് (22), ആംബുലന്‍സ് ഡ്രൈവര്‍ കക്കാട് പള്ളിപ്പുറം സ്വദേശി അക്രം എന്നിവര്‍ക്കാണ് പരിക്കേറ്റത്. മറ്റൊരു ബന്ധു അനസ് (22) ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്നലെ വൈകുന്നേരം അഞ്ചോടെ കാസര്‍ഗോഡ്-തലപ്പാടി ദേശീയപാതയിലെ ഉപ്പളയിലായിരുന്നു അപകടം. റിയ ഫാത്തിമയ്ക്ക് വയറുവേദനയുണ്ടായതിനെതുടര്ന്നാണ് മംഗളുരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എതിര്‍വശത്തുകൂടി വന്ന വാഹനം ഫ്രണ്ട് ഗ്ലാസിലേക്ക് വെള്ളം തെറിപ്പിച്ചപ്പോള്‍ കാഴ്ച മറഞ്ഞെന്നും ഇതേത്തുടര്‍ന്ന് സഡന്‍ ബ്രേക്കിട്ടപ്പോള്‍ പുറകില്‍ നിന്നുവന്ന കാര്‍ ഇടിക്കുക യായിരുന്നെന്നും ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു. ഇടിച്ച കാറിനു പിറകിലായി ആറുവാഹനങ്ങളും നിരനിരയായി കൂട്ടിയിടിച്ചു.
ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് മറിഞ്ഞു. പരിക്കേറ്റ ഷാഹിന ദെര്‍ളക്കട്ടയിലെ യേനപോയ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്നതിനു മുമ്പേ മരണപ്പെട്ടു. എസ്വൈഎസിന്റെ നേതൃത്വത്തിലുള്ള കക്കാട് സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്.
സംഭവമറിഞ്ഞ ഷാഹിനയുടെ ഭർത്താവ് അബുദാബിയിലുള്ള റഫീഖ് ഇന്ന് നാട്ടിലെത്തും. ഷാഹിന യുടെ മറ്റുമക്കൾ: നൗറിൻ, സിർഫാൻ.