അഞ്ചുവര്‍ഷത്തിനുള്ളില്‍ തെരുവുനായകള്‍ ഇല്ലാത്ത കേരളം യാഥാര്‍ഥ്യമാക്കും: മന്ത്രി ചിഞ്ചുറാണി
1561396
Wednesday, May 21, 2025 7:01 AM IST
മുളിയാര്‍: മൃഗക്ഷേമ നിയമങ്ങള്‍ കര്‍ശനമാകുന്ന കാലത്ത് എബിസി സെന്ററുകളുടെ പ്രവര്‍ത്തനങ്ങളിലൂടെ തെരുവു നായ്ക്കളുടെ ക്രമാതീതമായ വര്‍ധനവ് തടയുന്നതിന് സാധിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി.
മൃഗസംരക്ഷണ വകുപ്പ് മുളിയാറില്‍ ആരംഭിച്ച സംസ്ഥാനത്തെ മൂന്നാമത്തെ എബിസി സെന്റര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
2030 ഓടുകൂടി തെരുവുനായ്ക്കള്‍ ഇല്ലാത്ത കേരളം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നേതൃത്വം കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നരലക്ഷത്തോളം തെരുവുനായ്ക്കള്‍ കേരളത്തിലുണ്ടെന്നും അവയുടെ ആക്രമണത്തില്‍ കുഞ്ഞു ജീവനുകള്‍ പൊലിയുന്ന അവസ്ഥകള്‍ വേദനാജനകമാണ്.
എബിസി സെന്ററുകളിലേക്ക് ആവശ്യമായ വാക്സിനുകള്‍ വിതരണം ചെയ്യുന്ന ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍ ലിമിറ്റഡ് എന്ന കമ്പനി മൊബൈല്‍ എബിസി യൂണിറ്റുകള്‍ തുടങ്ങാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും അതിലൂടെ തെരുവുനായ കൂടുതലുള്ള സ്ഥലത്ത് ചെന്ന് ആള്‍താമസം ഇല്ലാത്ത സ്ഥലങ്ങളില്‍ വന്ധ്യംകരണം നടത്തി നാലുദിവസം സംരക്ഷിക്കുന്നതിനു സാധിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ആസിഫ് കെ. യൂസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കാസര്‍ഗോഡ് നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം, പഞ്ചായത്ത് പ്രസിഡന്റ്സ് അസോ. പ്രസിഡന്റ് എ.പി. ഉഷ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഗീത കൃഷ്ണന്, എസ്.എന്‍. സരിത, എം. മനു, കെ. ശകുന്തള, പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി, ബ്ലോക്ക് പഞ്ചായത്തംഗം എം. കുഞ്ഞമ്പു നമ്പ്യാര്‍, വാര്‍ഡ് മെംബര്‍ രമേശന് മുതലപ്പാറ, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടർ ജി. സുധാകരന്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പി.കെ. മനോജ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.