ചക്രക്കസേരയുടെ പരിമിതികൾ കടന്ന് മിന്നും ജയവുമായി സ്നേഹ
1561998
Saturday, May 24, 2025 1:39 AM IST
ഭീമനടി: എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ചക്രക്കസേരയിലാക്കിയ വിധിയെ മനസു തളരാതെ നേരിട്ട സ്നേഹ വിജുവിന് പ്ലസ്ടു പരീക്ഷയിൽ മിന്നും ജയം. വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ്ടു ഹ്യുമാനിറ്റീസിൽ അഞ്ച് എ പ്ലസും ഒരു എ ഗ്രേഡുമായാണ് സ്നേഹ മികച്ച വിജയം നേടിയത്.
അഞ്ചുവർഷം മുമ്പ് സ്പൈനൽ കോഡിൽ ശസ്ത്രക്രിയ നടത്തേണ്ടിവന്നതിനു ശേഷമാണ് സ്നേഹയുടെ ജീവിതം ചക്രക്കസേരയിലായത്. ഇതിനുശേഷം എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിക്കൊണ്ടാണ് സ്നേഹ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയത്.
മിക്കപ്പോഴും അധ്യാപകർ വീട്ടിലെത്തിയാണ് പഠിപ്പിച്ചിരുന്നത്. ഭീമനടി ടൗണിലെ ഓട്ടോ തൊഴിലാളി കുറുഞ്ചേരിയിലെ എം.ജെ. വിജുവിന്റെയും സുനിയുടെയും മകളാണ്. സോണിയ, സിയമോൾ എന്നിവർ സഹോദരങ്ങളാണ്.