നാലുമണിക്കാറ്റ് ആസ്വദിക്കാം, തിമിരിയിലും
1560988
Tuesday, May 20, 2025 1:11 AM IST
ചെറുവത്തൂര്‍: പ്രിയപ്പെട്ടവരുമായി വൈകുന്നേരങ്ങളില്‍ അല്പനേരം സംസാരിക്കാനും സമയം ചെലവഴിക്കാനും സന്തോഷിക്കാനും ഇഷ്ടപെടുന്നവര്‍ക്ക് ഇനി തിമിരിയിലേക്ക് വരാം. കൊടക്ക വയല്‍ സംരക്ഷണത്തിന്റെ ഭാഗമായി നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചെറുവത്തൂര്‍ പഞ്ചായത്ത് കാല്‍നട റോഡില്‍ ഗ്രാമീണ വഴിയോരവിനോദ സഞ്ചാര പദ്ധതി ഒരുങ്ങുകയാണ്.
പദ്ധതിയുടെ ഭാഗമായി വയലിന്റെ നടുവിലൂടെ ഒഴുകുന്ന തോടിന്റെ ഇരുകരകളിലായി 60 മീറ്റര്‍ നീളത്തില്‍ സംരക്ഷണഭിത്തി നിര്‍മ്മിക്കും. കൂടാതെ സഞ്ചാരികള്‍ക്കായി ഇന്റര്‍ലോക്ക് വഴികളും ഇരിപ്പിടങ്ങളും ഒരുക്കും. വൈകുന്നേരങ്ങളില്‍ സോളാര്‍ ലൈറ്റുകളും സജ്ജമാക്കും.
50 ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഫണ്ട് വിഹിതം 50 ശതമാനം ജില്ലാ പഞ്ചായത്തും 50 ശതമാനം ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്നു വഹിക്കും.
കോട്ടയത്തെ നാലുമണിക്കാറ്റ് മാതൃകയിലാണ് വിനോദസഞ്ചാരകേന്ദ്രം ഒരുങ്ങുന്നത്. നാലുമണിക്കാറ്റ് ആസ്വദിക്കാനെത്തുന്നവര്‍ക്ക് വ്യത്യസ്ത തരത്തിലുള്ള നാലുമണി പലഹാരങ്ങളും ഇവിടെ ലഭിക്കും.
പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കയ്യൂര്‍- ചീമേനി, ചെറുവത്തൂര്‍ പഞ്ചായത്തിലെ ടൂറിസം ഭൂപടത്തില്‍ ഒരു മുതല്‍ക്കൂട്ടാവും. ജൂണ്‍ മാസത്തോടുകൂടി പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.