ഹയര്‍ സെക്കന്‍ഡറി പരീക്ഷ; കാസര്‍ഗോഡ് ഏറ്റവും പിന്നില്‍ 71.09%
1561744
Friday, May 23, 2025 1:02 AM IST
കാസര്‍ഗോഡ്: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ഏറ്റവും പിന്നിലായി കാസര്‍ഗോഡ്. 71.09 ആണ് ജില്ലയുടെ വിജയശതമാനം. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി ജില്ലയുടെ വിജയശതമാനം പിറകോട്ടാണ്. 2024ല്‍ 73.27ഉം 2023ല്‍ 78.82ഉം 2022ല്‍ 79.33ഉം ആയിരുന്നു ജില്ലയുടെ വിജയശതമാനം. ഇത്തവണ 15,462 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 10,992 പേരാണ് ഉപരിപഠനത്തിനു യോഗ്യത നേടിയത്. ചെര്‍ക്കള മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഫോര്‍ ഡെഫ് ആണ് നൂറു ശതമാനം വിജയം കൈവരിച്ച ഏക സ്കൂള്‍. 11 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്.
അതേസമയം ജില്ലയിലെ രണ്ടു വിദ്യാര്‍ഥികള്‍ 1200ല്‍ 1200 മാര്‍ക്കും കരസ്ഥമാക്കി. രാവണീശ്വരം ജിഎച്ച്എസ്എസിലെ സയന്‍സ് വിദ്യാര്‍ഥിനി പി. ദേവികയും കാട്ടുകുക്കെ എസ്എസ് എച്ച്എസ്എസിലെ കൊമേഴ്സ് വിദ്യാര്‍ഥിനി എസ്. ശ്രീരഞ്ജിനിയുമാണ് ഈ തിളക്കമാര്‍ന്ന നേട്ടം കരസ്ഥമാക്കിയത്. 932 കുട്ടികളാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയത്. കഴിഞ്ഞവര്‍ഷം 1,192 കുട്ടികള്‍ ഫുള്‍ എപ്ലസ് കരസ്ഥമാക്കിയിരുന്നു. ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ 40.33 ആണ് വിജയശതമാനം. 1473 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 594 പേര് ഉപരിപഠനത്തിനു യോഗ്യത നേടി.
90 ശതമാനത്തിന്
മുകളില്‍
ഒമ്പതു സ്കൂളുകള്‍
ജില്ലയില്‍ 90 ശതമാനത്തിന് മുകളില്‍ വിജയം കൈവരിച്ചത് ഒമ്പതു സ്കൂളുകള്‍ മാത്രം. ഇതില്‍ ആറു സ്കൂളുകളുകളിലും വെള്ളരിക്കുണ്ട് താലൂക്കിലുള്ളവയാണെന്നത് മലയോരത്തിന് അഭിമാനനേട്ടമായി. കഴിഞ്ഞവര്‍ഷം 13 സ്കൂളുകള്‍ 90 ശതമാനത്തിനുമേല്‍ വിജയം നേടിയിരുന്നു.
90 ശതമാനത്തിന് മുകളില്‍ വിജയം കൈവരിച്ച സ്കൂളുകളുടെ വിവരങ്ങള്‍ സ്കൂളിന്റെ പേര്, പരീക്ഷ എഴുതിയ കുട്ടികള്‍, വിജയിച്ച കുട്ടികള്‍, ബ്രാക്കറ്റില്‍ വിജയശതമാനം എന്നിവ യഥാക്രമം: ഷേണി ശ്രീ ശാരദാംബ എച്ച്എസ്എസ്-121ല്‍ 116 (95.87), പാലാവയല് സെന്റ് ജോണ്‍സ് എച്ച്എസ്എസ്-92ല്‍ 87 (94.57), രാജപുരം ഹോളിഫാമിലി എച്ച്എസ്എസ്-165ല്‍ 156 (94.55), ഉദുമ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍-96ല്‍ 91 (94.97), കമ്പല്ലൂര്‍ ജിഎച്ച്എസ്എസ്-146ല്‍ 137 (93.84), വരക്കാട് എച്ച്എസ്എസ്-108ല്‍ 99 (91.67), ചായ്യോത്ത് ജിഎച്ച്എസ്എസ്-259ല്‍ 236 (91.12), തോമാപുരം സെന്റ് തോമസ് എച്ച്എച്ച്എസ്-211ല്‍ 191 (90.52), പിലിക്കോട് സികെഎന്‍എസ്-256ല്‍ 231 (90.23).
30 ശതമാനത്തിനു
താഴെ
ആറു സ്കൂളുകള്‍
ആറു സ്കൂളുകളില്‍ വിജയശതമാനം 30നു താഴെയാണ്. ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് സൊസൈറ്റി എച്ച്എസ്എസ് ആണ് ഏറ്റവും പിന്നില്‍. 25 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ നാലുപേര്‍ മാത്രമാണ് വിജയിച്ചത്. 16 ആണ് വിജയശതമാനം.
മറ്റു സ്കൂളുകള്‍, പരീക്ഷ എഴുതിയ കുട്ടികള്‍, വിജയച്ച കുട്ടികള്‍, ബ്രാക്കറ്റില്‍ വിജയശതമാനം എന്നിവ യഥാക്രമം: പട്ള ജിഎച്ച്എസ്എസ്-126ല്‍ 37 (29.37), ചിത്താരി ജമാഅത്ത് എച്ച്എസ്എസ്-103ല്‍ 26 (25.24), പള്ളിക്കര ഐഇഎം എച്ച്എസ്എസ്-100ല്‍ 25 (25), ബെള്ളൂര്‍ ജിഎച്ച്എസ്എസ്-86ല്‍ 19 (22.09), കളനാട് ഹൈദ്രോസ് ജമാഅത്ത് എച്ച്എസ്എസ്-19ല്‍ നാല് (21.05).
വിഎച്ച്എസ്ഇ
വിഎച്ച്എസ്ഇ പരീക്ഷയില്‍ വടക്കേ മലബാറില്‍ നൂറുശതമാനം വിജയം നേടിയ ഏക സ്കൂളായി മുള്ളേരിയ ജിവിഎച്ച്എസ്എസ് മാറി. കൊമേഴ്സ് വിഭാഗത്തില്‍ അക്കൗണ്ടിംഗ് എക്സിക്യൂട്ടീവ്, റീട്ടെയില്‍ സെയില്‍സ് അസോസിയേറ്റ് എന്നീ വിഷയങ്ങളില്‍ 61 കുട്ടികളാണ് പരീക്ഷ എഴുതിയത്. അഞ്ചുപേര്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയി. സംസ്ഥാനത്ത് ഏറ്റവും വിജയശതമാനം കുറഞ്ഞ സ്കൂളും കാസര്‍ഗോഡ് ജില്ലയില്‍ തന്നെ. 46 കുട്ടികള്‍ പരീക്ഷ എഴുതി നാലു കുട്ടികള്‍ മാത്രം വിജയിച്ച ജിവിഎച്ച്എസ്എസ് മൊഗ്രാലിനാണ് കുറവ് വിജയശതമാനം. 8.70 ശതമാനം.