ബിജു പൗലോസിനെ പാണത്തൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി
1561393
Wednesday, May 21, 2025 7:01 AM IST
പാണത്തൂര്‍: അമ്പലത്തറ സ്റ്റേഷന് പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയുടെ കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി പാണത്തൂര്‍ ബാപ്പുംകയത്തെ ബിജു പൗലോസിനെ (52) ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പാണത്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പവിത്രംകയംപുഴ, ബിജുവിന്റെ വീട്, ബിജുവിന്റെ അമ്മയുടെ വീട്, മഞ്ഞടുക്കം പുഴ എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തി.
പെണ്‍കുട്ടിയുടെ മൃതദേഹം കാഞ്ഞങ്ങാട് നിന്നും ജീപ്പില്‍ കയറ്റി പാണത്തൂര്‍ പവിത്രംകയത്തിലെത്തിച്ച് കല്ലുകെട്ടി പവിത്രംകയത്തില് താഴ്ത്തിയെന്നാണ് ബിജു പോലീസിനു നല്കിയ മൊഴി. പവിത്രംകയത്തില് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ പരിശോധനയും നടത്തി. രാജപുരം പോലീസ് ഫയര്‍ഫോഴ്സ് എന്നിവര്‍ ക്രൈംബ്രാഞ്ചിനൊപ്പം തെളിവെടുപ്പിനുണ്ടായി. മൂന്നുദിവസത്തിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവുണ്ട്.