കൊന്നക്കാടിനും കുറ്റിക്കോലിനും മൊബൈല്‍ വെറ്ററിനറി യൂണിറ്റ്
1561742
Friday, May 23, 2025 1:02 AM IST
കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിക്ക് കീഴില്‍ മൃഗസംരക്ഷണ വകുപ്പ് ജില്ലയ്ക്ക് പുതുതായി അനുവദിച്ച രണ്ടു മൊബൈല്‍ വെറ്റിനറി യൂണിറ്റ്, ഒരു വെറ്ററിനറി സര്‍ജറി യൂണിറ്റ് എന്നിവയുടെ ഫ്ലാഗ് ഓഫ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ നിര്‍വഹിച്ചു.
നിലവില്‍ കാസര്‍ഗോഡ്, കാഞ്ഞങ്ങാട് എന്നീ ബ്ലോക്കുകളില്‍ പ്രവര്‍ത്തിച്ചു വരുന്നവയ്ക്ക് പുറമേ പരപ്പ, കാറഡുക്ക എന്നീ ബ്ലോക്കുകളില്‍ കൂടി യഥാക്രമം കൊന്നക്കാട്, കുറ്റിക്കോല്‍ മൃഗാശുപത്രികള്‍ ആസ്ഥാനമാക്കിയാണ് പുതിയ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുക.
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ മുന്‍കൂട്ടി നിശ്ചയിച്ചുകൊണ്ട് മൃഗങ്ങളുടെ ശസ്ത്രക്രിയ നടത്തുന്നതിനും അടിയന്തരഘട്ടങ്ങളില്‍ കര്‍ഷകരുടെ വീട്ടിലെത്തി ശസ്ത്രക്രിയ നല്‍കുന്നതിനായി ഒരു മൊബൈല്‍ വെറ്ററിനറി യൂണിറ്റും ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.
ആധുനിക സജ്ജീകരണങ്ങളോടെ ഒരുക്കിയ വാഹനവും വിദഗ്ധ ഡോക്ടര്‍, ഡ്രൈവര്‍ കം അറ്റന്‍ഡ് എന്നിവരും അടങ്ങുന്നതാണ് ഓരോ യൂണിറ്റും. 1962 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചാല്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ കര്‍ഷകരുടെ വീടുകളില്‍ എത്തി വിദഗ്ധ ചികിത്സ നല്‍കും. സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിശ്ചിത ഫീസ് ഈടാക്കും.
മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. അസി. പ്രോജക്ട് ഓഫീസര്‍ ഡോ. പി. ഷൈജി, ഡോ. കാര്ത്തികേയന് എന്നിവര്‍ പ്രസംഗിച്ചു. ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. വി.വി. പ്രദീപ്കുമാര്‍ സ്വാഗതവും സീനിയര്‍ വെറ്റിനറി സര്ജന് ഡോ. എസ്. രാജു നന്ദിയും പറഞ്ഞു.