ദളിത് പെണ്‍കുട്ടിയുടെ കൊലപാതകം: അറസ്റ്റ് വൈകിയതില്‍ ദുരൂഹതയെന്ന് കെപിജെഎസ്
1561391
Wednesday, May 21, 2025 7:01 AM IST
കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയും കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ അറസ്റ്റ് വൈകിയതില്‍ ദുരൂഹതയെന്ന് കേരള പട്ടികജനസമാജം ആരോപിച്ചു.
പട്ടികവിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ രൂപീകരിച്ച സ്പെഷല്‍ മൊബൈല്‍ സ്ക്വാഡോ ജില്ലാ പട്ടികവര്‍ഗ വികസന വകുപ്പോ പെണ്‍കുട്ടിയുടെ തിരോധാനത്തെ കുറിച്ച് അറിഞ്ഞമട്ട് കാണിച്ചില്ല. പട്ടികവിഭാഗങ്ങള്‍ക്കെതിരേ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ ജില്ലയിലെ പോലീസ് സംവിധാനത്തിന്റെ കഴിവുകേട് പ്രധാന കാരണമായിട്ടുണ്ട്.
പെണ്‍കുട്ടിയുടെ തിരോധനകേസില്‍ തുടക്കം മുതല്‍ കുടുംബം ചൂണ്ടിക്കാട്ടിയതില്‍ ഒരാള്‍ മാത്രമാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്. സംഭവത്തില്‍ ആദ്യം തന്നെ അമ്പലത്തറ പോലീസില്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല. പിന്നീട് കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് കൊടുത്ത പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയാറാകുന്നത്. കാഞ്ഞങ്ങാട്ടെ ഒരു സായാഹ്നപത്രത്തിന്റെ ഉടമ കേസില്‍ നിന്നും പിന്മാറിയാല് 25 ലക്ഷം രൂപ തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇദ്ദേഹത്തിന് പെണ്‍കുട്ടിയുടെ തിരോധാനത്തിലെ പങ്ക് എന്തെന്ന കാര്യം പോലീസ് ഇതുവരെ അന്വേഷിച്ചതായി അറിവില്ല.
പ്രതിക്കായി ഹൈക്കോടതിയില്‍ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന പ്രഗത്ഭരായ ക്രിമിനല്‍ അഭിഭാഷകരുടെ നീണ്ടനിരയാണ് അണിനിരന്നത്. കോടതിയുടെ തുടര്‍നടപടിയിലും നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും വിശ്വാസം അര്‍പ്പിക്കുന്നതായും അന്വേഷണ സംഘം മുഴുവന്‍ സത്യാവസ്ഥയും പുറത്തു കൊണ്ടുവരണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്, കെപിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍, എം.ആര്. പുഷ്പ, ഹരികൃഷ്ണന്, അഭിലാഷ് എന്നിവര്‍ സംബന്ധിച്ചു.