കുമ്പള ടോള്‍ഗേറ്റ്; ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയമായി ചര്‍ച്ച നടത്തും
1560990
Tuesday, May 20, 2025 1:11 AM IST
കാസര്‍ഗോഡ്: ദേശീയപാത അതോറിറ്റി കുമ്പള ആരിക്കാടിയില്‍ നിര്‍മാണമാരംഭിച്ച താത്കാലിക ടോള്‍ഗേറ്റുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ എംപി, എംഎല്‍എമാരുടെയും ദേശീയപാത അതോറിറ്റി പ്രതിനിധികളുടേയുംയോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ വികസന സമിതി യോഗത്തിന്റെ നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
60 കിലോമീറ്റര്‍ പരിധിയില്‍ മാത്രമേ ടോള്‍ഗേറ്റ് സ്ഥാപിക്കാന്‍ പാടുള്ളൂവെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാതെയാണ് തലപ്പാടിയില്‍ നിന്ന് 20 കിലോമീറ്റര്‍ പരിധിയില്‍ ടോള്‍പ്ലാസ നിര്‍മാണം ആരംഭിച്ചിരിക്കുന്നതെന്നും ജനങ്ങളുടെ പ്രതിഷേധം പരിഗണിച്ച് ടോള്‍ ബൂത്ത് നിര്‍മാണം നിര്‍ത്തി വെക്കണമെന്നും എംപിയും എംഎല്‍എമാരും ആവശ്യപ്പെട്ടു.
തലപ്പാടിയില്‍ പ്രവര്‍ത്തിക്കുന്നത് ബിഒടി അടിസ്ഥാനത്തില്‍ സ്വകാര്യ ടോള്‍ പ്ലാസ ആണെന്നും ആരിക്കാടിയില്‍ നിര്‍മ്മിക്കുന്നത് എന്‍എച്ച്എഐയുടെ നിയന്ത്രണത്തിലുള്ള താത്കാലിക ടോള്‍ ഗേറ്റാണെന്നും അടുത്ത റീച്ച് പൂര്‍ത്തിയാകുന്നതോടെ ഇവിടെ ടോള്‍ പിരവ് അവസാനിപ്പിക്കുമെന്നും ദേശീയപാത അതോറിറ്റി കണ്ണൂര്‍ പ്രൊജക്റ്റ് ഇംബ്ലിമെന്റേഷന്‍ യൂണിറ്റ് ഡയറക്ടര്‍ ഉമേഷ് കെ.ഗാര്‍ഗ് അറിയിച്ചു. പൂര്‍ത്തിയായ റീച്ചുകളില്‍ ടോള്‍ പിരിവ് ആരംഭിക്കണമെന്നത് കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണെന്നും അദ്ദേഹം അറിയിച്ചു.
ടോള്‍ഗേറ്റില്‍ ആറുമാസത്തിനകം ടോള്‍ പിരിവ് അവസാനിപ്പിക്കുമെന്ന് പറയുന്നതിനൊപ്പം കൃത്യമായ ദിവസം കൂടി എന്‍എച്ച്എഐ ഉറപ്പ് നല്‍കണമെന്നും ടോള്‍ഗേറ്റിന്റെ നിശ്ചിത കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് പരിഗണന ആവശ്യമാണെന്നും കൂടുതല്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍ പരിഗണിക്കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എംഎല്‍എമാരായ എ.കെ.എം. അഷറഫ്, എന്‍.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു എന്നിവര്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തും. രാജ്മോഹന്‍ ഉണ്ണിത്താന് എംപി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയെ സന്ദര്‍ശിച്ച് വിഷയം അറിയിക്കും. അതുവരെ ടോള്‍ഗേറ്റ് നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ദേശീയപാത സംബന്ധിച്ച മുഖ്യമന്ത്രിയുടെ യോഗത്തില്‍ വിഷയം അവതരിപ്പിക്കുമെന്ന ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം പി. അഖില്‍, എന്‍എച്ച്എഐ ഡെപ്യൂട്ടി മാനേജര്‍ ജസ്പ്രീത്, യുഎല്‍സിസിഎസ് പിഎം എം.നാരായണന്, എന്‍എച്ച്എഐ ലെയ്സണ്‍ ഓഫീസര്‍ കെ. സേതുമാധവന്, എന്‍.എച്ച്.എ.ഐ സ്പെഷല്‍ തഹസില്‍ദാര്‍ എല്‍.കെ. സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.