ജില്ലാ ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടം തുറന്നു
1561494
Thursday, May 22, 2025 1:22 AM IST
കാഞ്ഞങ്ങാട്: ഉദ്ഘാടനം കഴിഞ്ഞ് നാലുവർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ ജില്ലാ ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടം സേവനങ്ങൾക്കായി തുറന്നു. ചൊവ്വാഴ്ച നടന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരമാണ് കെട്ടിടം തുറന്നത്.
കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമിച്ച മൂന്നുനില കെട്ടിടം കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2021 ഫെബ്രുവരിയിൽ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഉദ്ഘാടനം ചെയ്തത്. ധൃതിപിടിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും അനുബന്ധസൗകര്യങ്ങളൊന്നും ഒരുങ്ങാത്തതിനാലാണ് കെട്ടിടം വർഷങ്ങളോളം അടഞ്ഞുകിടന്നത്. ഒടുവിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ചാണ് അനുബന്ധസൗകര്യങ്ങൾ ഒരുക്കി കെട്ടിടം പ്രവർത്തനസജ്ജമാക്കിയത്.
ഇന്നലെ ചേർന്ന ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എസ്.എൻ. സരിത, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ദീപ്തി, പ്രമോദ് കരുവളം, കൃഷ്ണൻ പനങ്കാവ് എന്നിവർ സംബന്ധിച്ചു.
പഴയ കെട്ടിടത്തിലെ സ്ഥലപരിമിതി മൂലം രണ്ട് ഒപി വിഭാഗങ്ങളും ഫിസിയോതെറാപ്പി വിഭാഗവും നേരത്തേ പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് മാറ്റിയിരുന്നു. ഇതോടൊപ്പം ഒന്നാംനിലയിൽ 30 കിടക്കകളുള്ള സ്ത്രീകളുടെ വാർഡും രണ്ടാംനിലയിൽ 11 പേ വാർഡുകളുമാണ് പ്രവർത്തനസജ്ജമാക്കിയത്.