ഡെങ്കിഭീതിയിൽ ഈസ്റ്റ് എളേരി
1561994
Saturday, May 24, 2025 1:39 AM IST
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള പ്രദേശങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു തുടങ്ങിയ സാഹചര്യത്തിൽ, പ്രദേശത്തെ മുഴുവൻ ആൾക്കാരും കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതിലും, മാലിന്യങ്ങൾ യഥാവിധി നിർമാർജനം ചെയ്യുന്നതിലും ജാഗ്രത പാലിക്കേണ്ടതാണെന്ന് പഞ്ചായത്തും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകി.
ഈമാസം ഇതുവരെ 11 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ രണ്ടുപേർ ഇപ്പോഴും ചികിത്സയിലാണെന്നും മെഡിക്കൽ ഓഫീർ അറിയിച്ചു.
ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആറാം വാർഡ് നിരത്തുംതട്ടിൽ ആരോഗ്യ പ്രവർത്തകർ ഇന്ന് ഭവനങ്ങൾ സന്ദർശിച്ച് സ്ക്വാഡ് വർക്ക് നടത്തും.
വരുംദിവസങ്ങളിൽ ബന്ധപ്പെട്ടവർ നടത്തുന്ന പരിശോധനയിൽ വീടിന്റെ പരിസരങ്ങൾ, റബർ തോട്ടങ്ങൾ, കവുങ്ങിൻ തോട്ടങ്ങൾ എന്നിവിടങ്ങളിൽ കൊതുക് മുട്ടയിട്ട് പെരുകുന്ന ഉറവിടങ്ങൾ, എലിപ്പനി പോലുള്ള മറ്റു പകർച്ച വ്യാധികൾക്ക് ഇടയാക്കുന്ന സാഹചര്യങ്ങൾ തുടങ്ങിയവ കാണപ്പെടുകയാണെങ്കിൽ പൊതുജനാരോഗ്യ നിയമപ്രകാരവും പഞ്ചായത്തിരാജ് നിയമപ്രകാരവും 5000 രൂപ മുതൽ മുകളിലോട്ടുള്ള പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് പഞ്ചായത്ത് സെക്രട്ടറിയും മെഡിക്കൽ ഓഫീസറും അറിയിച്ചു.