ഇരുചക്രവാഹനങ്ങൾക്കൊപ്പം ഓട്ടോറിക്ഷയും പുറത്ത്
1560985
Tuesday, May 20, 2025 1:11 AM IST
കാസർഗോഡ്: ഇരുചക്രവാഹനങ്ങൾക്കൊപ്പം ഓട്ടോറിക്ഷയും പുതിയ ദേശീയപാതകളിൽനിന്ന് പുറത്താകും. ഉദ്ഘാടനത്തിനൊരുങ്ങുന്ന ദേശീയപാതയുടെ ആദ്യറീച്ചിൽ ഇതുസംബന്ധിച്ച സൂചനാബോർഡുകൾ തയ്യാറായിത്തുടങ്ങി. ട്രാക്ടർ, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങൾ എന്നിവയ്ക്കും കാൽനടയാത്രക്കാർക്കും പ്രവേശനമില്ലെന്ന് കാണിക്കുന്ന ബോർഡുകളാണ് ഒരുങ്ങുന്നത്. ഈ വാഹനങ്ങളും കാൽനടയാത്രക്കാരും സർവീസ് റോഡുകൾ മാത്രം ഉപയോഗിക്കേണ്ടിവരും.
പൊതുവേ എക്സ്പ്രസ് ഹൈവേകളിൽ ഇരുചക്രവാഹനങ്ങളെ അനുവദിക്കാറില്ല. എന്നാൽ ഓട്ടോറിക്ഷകളുടെ കാര്യത്തിൽ മൂന്നുവരിപ്പാതയുടെ ഏറ്റവും അറ്റത്തെ ട്രാക്ക് അനുവദിച്ചേക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ അതിവേഗ പാതയിൽ ഈ വാഹനങ്ങളുടെ സാന്നിധ്യം വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുമെന്ന വിലയിരുത്തലാണ് ദേശീയപാത അഥോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.
ഇതോടെ മിക്കയിടങ്ങളിലും വീതികുറഞ്ഞ സർവീസ് റോഡുകൾ വാഹനപ്പെരുപ്പം മൂലം ഞെരുങ്ങുമെന്ന ആശങ്കയ്ക്ക് കനംവച്ചു. മറ്റു സംസ്ഥാനങ്ങളിൽ 60 മീറ്റർ വീതിയിൽ ആറുവരിപ്പാത നിർമിച്ചപ്പോൾ ഇരുവശങ്ങളിലും രണ്ടുവരി ഗതാഗതം സാധ്യമാകുന്ന വീതിയിലാണ് സർവീസ് റോഡുകൾ നിർമിച്ചത്. എന്നാൽ കേരളത്തിൽ സ്ഥലലഭ്യതയിലുണ്ടായ കുറവ് മൂലം 45 മീറ്റർ വീതിയിലാണ് ആറുവരിപ്പാത നിർമിച്ചത്.
ഇങ്ങനെ ചെയ്തപ്പോൾ ദേശീയപാതയുടെ വീതി മറ്റു സംസ്ഥാനങ്ങളിലേതുപോലെ തന്നെ നിലനിർത്തുകയും സർവീസ് റോഡുകളുടെ വീതി ചുരുക്കുകയുമാണ് ചെയ്തത്. തലപ്പാടി മുതൽ ചെങ്കള വരെയുള്ള ദേശീയപാതയുടെ ആദ്യറീച്ചിൽ മിക്കയിടങ്ങളിലും ഒറ്റവരി ഗതാഗതം മാത്രം സാധ്യമാകുന്ന വീതിയിലാണ് സർവീസ് റോഡുകളുള്ളത്.
ബസുകൾ നിർത്തി ആളുകളെ കയറ്റുന്നതിനും ഇറക്കുന്നതിനുമുള്ള ബസ് ബേകൾ നിർമിക്കുന്നതും ഈ സർവീസ് റോഡുകളോടുചേർന്നാണ്. ആറുവരിപ്പാതയിലൂടെ സഞ്ചരിക്കുന്ന ബസുകളെല്ലാം സ്റ്റോപ്പുകൾക്കു സമീപമെത്തുമ്പോൾ സർവീസ് റോഡുകളിലൂടെ പോകേണ്ടിവരും. വിവിധ സ്ഥലങ്ങളിൽ സാധനങ്ങൾ കയറ്റാനും ഇറക്കാനും എത്തുന്ന ലോറികളടക്കമുള്ള വലിയ വാഹനങ്ങളും സർവീസ് റോഡുകളിലൂടെ സഞ്ചരിക്കേണ്ടിവരും. ഇങ്ങനെയായാൽ സർവീസ് റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നാണ് ആശങ്ക.