അയൽവാസിയുടെ മരം കടപുഴകിവീണു; സാവിത്രിക്ക് കിടപ്പാടം നഷ്ടമായി
1561992
Saturday, May 24, 2025 1:39 AM IST
രാജപുരം: അയൽവാസിയുടെ പറന്പിലെ മരുത് മരം കടപുഴകി വീണപ്പോൾ കൊള്ളികൊച്ചിയിലെ സാവിത്രിക്ക് നഷ്ടമായത് സ്വന്തം കിടപ്പാടം. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. അടുക്കളയിൽ ആയിരുന്ന സാവിത്രിയും മക്കളും ശബ്ദം കേട്ട് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. പ്ലാസ്റ്റിക് ഷീറ്റും ഓലയും കൊണ്ട് മേഞ്ഞ് മൺകട്ട കൊണ്ട് പണിത വീട്ടിലാണ് രണ്ടുവർഷമായി സാവിത്രിയും കുടുംബവും താമസം. അപകടത്തിൽ വീട് ഏതാണ്ട് പൂർണമായും തകർന്നു. ഈ മരം അപകട ഭീഷണി ഉയർത്തുന്നു എന്ന് കാണിച്ച് സാവിത്രി ഈ ബുധനാഴ്ച പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി കൊടുത്തിരുന്നു. അതിനിടയിലാണ് മരം വീണത്.
സാവിത്രി, ഭർത്താവ് കൈക്കളൻ, മക്കളായ ഗായത്രി, ഗണേശൻ, അശ്വതി, ഗായത്രിയുടെ അഞ്ചരവയസുള്ള രണ്ട് ഇരട്ട പെൺകുട്ടികൾ എന്നിവർ ഈ വീട്ടിലാണ് താമസിക്കുന്നത്. ഗായത്രിയെ ഭർത്താവ് ഉപേക്ഷിച്ചുപോയതാണ്. പ്രദേശത്ത് കനത്തമഴ തുടരുന്പോഴും ഇവിടെ തന്നെ താമസിക്കാനാണ് പോകാൻ മറ്റൊരിടമില്ലെന്നും കുടുംബാം പറയുന്നു.
ഇവർ പഞ്ചായത്ത് വീട് അനുവദിച്ചിരുന്നു. അതിന്റെ തറനിർമാണം പൂർത്തിയായിക്കഴിഞ്ഞു. മഴക്കാലം തുടങ്ങിയതോടെ ഇതിന്റെ തുടർനിർമാണത്തിനു പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഈ മഴക്കാലത്ത് സുരക്ഷിതമായി ഈ കുടുംബത്തിനു താമസിക്കാൻ അധികൃതർ സൗകര്യമൊരുക്കണമെന്നാണ് ആവശ്യമുയരുന്നത്. പഞ്ചായത്ത് അധികൃതരും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.