ദേശീയപാത ദുരന്തം തടയാനുള്ള യോഗത്തില്‍ ദേശീയപാത അഥോറിറ്റി അധികൃതരില്ല !
1561493
Thursday, May 22, 2025 1:22 AM IST
കാസര്‍ഗോഡ്: കാലവര്‍ഷത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ദുരന്തസാധ്യത ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടിക്കായി ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ദേശീയപാത അഥോറിറ്റി അധികൃതര്‍ പങ്കെടുത്തില്ല. ഇതിനു മുമ്പും കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ എന്‍എച്ച്എഐ പ്രതിനിധികള്‍ വിട്ടുനിന്നിരുന്നു.
ദേശീയപാതയിലെ ദുരന്തനിവാരണത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. ദുരന്തനിവാരണ പ്രവൃത്തി ഉറപ്പുവരുത്താന്‍ നിരീക്ഷണത്തിന് തഹസില്‍ദാര്‍മാരെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി. ദേശീയപാതയില്‍ ദുരന്തനിവാരണത്തിന് പഠനത്തിനായി ജില്ലാ കളക്ടര്‍ നിയോഗിച്ച വിദഗ്ധ സമിതി 41 കേന്ദ്രങ്ങളിലായി 56 സ്ഥലങ്ങളില്‍ പ്രശ്നങ്ങള്‍ ഉള്ളതായി കണ്ടെത്തി. അവയ്ക്ക് വേഗത്തില്‍ സാധ്യമായ പരിഹാരങ്ങളും നിര്‍ദേശിച്ചു.
കുന്നിടിച്ചല്‍ ഭീഷണി, സമീപ പ്രദേശങ്ങളില്‍ വെള്ളം കയറുന്നത് കൊണ്ടുള്ള പ്രശ്നങ്ങള്‍, ഓവുചാല്‍ സംവിധാനത്തില്‍ അപാകത, ഗതാഗതതടസം, പ്രധാന പാതയിലെയും പാര്‍ശ്വപാതകളിലെയും വെള്ളക്കെട്ട് തുടങ്ങിയവയാണ് യോഗത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍, കൂടുതല്‍ പ്രദേശങ്ങളില്‍ പ്രശ്നങ്ങള്‍ ഉള്ളതായി ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. കാലവര്‍ഷത്തിനു മുമ്പ് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും മണ്ണിടിച്ചില്‍ തടയുന്നതിനും നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍മാണ കമ്പനികള്‍ക്ക് നിര്‍ദേശം നല്കി.
ദേശീയപാത കടന്നു പോകുന്ന മേഖലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ഡപ്യൂട്ടി കളക്ടര്‍ എല്‍.എ. റമീസ് രാജ വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയപാത നിര്‍മാണം പൂര്‍ത്തിയായ തലപ്പാടി-ചെങ്കള റീച്ചില്‍ വാഹനങ്ങള്‍ തെന്നിമാറി മറ്റു വാഹനങ്ങളില്‍ ഇടിച്ച് ഉണ്ടാകുന്ന അപകടങ്ങള്‍ നടക്കുന്നുണ്ട്. ചെര്‍ക്കള നഗരത്തില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നതിനായി എടുത്ത കുഴികള്‍ സ്കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ വെല്ലുവിളിയാകുമെന്നും താത്കാലികമായി കുഴികള്‍ അടക്കേണ്ടതുണ്ടെന്നും യോഗം നിര്‍ദേശിച്ചു.
നഗരസഭ അധ്യക്ഷരായ അബ്ബാസ് ബീഗം, കെ.വി. സുജാത, ടി.വി. ശാന്ത, പഞ്ചായത്ത് പ്രസിഡന്റുമാരായ യു.പി. താഹിറ, ഷമീറ ഫൈസല്‍, ഖാദര്‍ ബദരിയ, സുഫൈജ അബൂബക്കര്‍, സി.കെ. അരവിന്ദാക്ഷന്, എം. കുമാരന്, സി.വി. പ്രമീള, പി.പി. പ്രസന്നകുമാരി, മംഗല്പാടി, മഞ്ചേശ്വരം, അജാനൂര്‍ പഞ്ചായത്തിലെ പ്രതിനിധികള്‍, എല്‍എഎന്‍എച്ച് ഡപ്യൂട്ടി കളക്ടര്‍ എസ്. ബിജു എന്നിവര്‍ തദ്ദേശ സ്ഥാപന തലത്തിലെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, നിര്‍മാണ കരാര്‍ കമ്പനിയുടെ പ്രതിനിധികള്‍, വിദഗ്ധസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
അടിയന്തര അത്യാഹിത നിയന്ത്രണ പദ്ധതി യോഗത്തില്‍ ഡപ്യൂട്ടി കളക്ടര്‍ എല്‍.എ. റമീസ് രാജ അവതരിപ്പിച്ചു. ദേശീയപാതയില്‍ കാലിക്കടവ് മുതല്‍ തലപ്പാടി വരെ വിവിധ ഇടങ്ങളില്‍ ദുരന്തസാധ്യത തടയാനുള്ള നടപടികളാണ് യോഗത്തില്‍ നിര്‍ദ്ദേശിച്ചത്. കാര്യങ്കോട് പുഴയില്‍ പാലം നിര്‍മിക്കുന്നതിനായി സ്ഥാപിച്ച ബണ്ടുകള്‍ പൊളിച്ചു നീക്കണമെന്നും മഴ കൂടുന്നതിന് അനുസരിച്ച് പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജില്‍ ജലനിരപ്പ് ഉയരുകയാണെന്നും ഷട്ടര്‍ തുറക്കുമ്പോള്‍ വെള്ളം കടലിലേക്ക് സുഗമമായി ഒഴുകി പോകുന്നതിനായി ഇന്നു രാത്രി തന്നെ ബണ്ടുകള്‍ പൊളിച്ചുനീക്കാന്‍ ദേശീയപാത നിര്‍മാണ കമ്പനിക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.
24നു ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേരും. പ്രാദേശിക തലത്തില്‍ താഹ്സില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാർ, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവരുടെ പ്രത്യേക യോഗം ചേരും.