മലയോരത്തേക്ക് സ്വാഗതം ചെയ്ത് അപകടപാത
1561991
Saturday, May 24, 2025 1:39 AM IST
പാലാവയൽ: ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോം ടൗണിനെയും ഈസ്റ്റ് എളേരി പഞ്ചായത്തിലെ പാലാവയൽ ടൗണിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുളിങ്ങോം പാലം മുതൽ പുളിങ്ങോം ടൗൺ വരെയുള്ള റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തത് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നു.
കണ്ണൂർ-കാസർഗോഡ് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് എന്നത് ഈ റോഡിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
റോഡിന് ഓവുചാൽ ഇല്ലാതിരുന്നതും റോഡിന്റെ നിർമാണ അപാകതയും മൂലം മഴക്കാലത്ത് റോഡിൽ വെള്ളം കെട്ടി നിന്നു കാൽനടയാത്ര പോലും ദുഷ്കരമായ സാഹചര്യമാണ് ഉണ്ടായിരുന്നത്. നാട്ടുകാരുടെയും കച്ചവടക്കാരുടെയും നിരന്തരമായ അഭ്യർഥനയെതുടർന്ന് ഒരു മാസം മുമ്പ് ഓവുചാൽ നിർമിച്ച് വെള്ളം കെട്ടി നിൽക്കുന്ന റോഡ് ഭാഗം ഉയർത്തി റോഡ് നവീകരിക്കാൻ ചെറുപുഴ പഞ്ചായത്ത് പദ്ധതി തയാറാക്കി പണി ആരംഭിച്ചു.
ഓവുചാൽ നിർമിച്ചു റോഡ് ഉയർത്തേണ്ട ഭാഗത്ത് മെറ്റൽ നിരത്തി ഓവുചാൽ ഇല്ലാത്ത റോഡിന്റെ മറുവശം കോൺക്രീറ്റ് ചെയ്യാനായി മണ്ണ് നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ, മഴയായതോടെ പണി പൂർത്തിയാക്കാൻ സാധിക്കാതെ വന്നിരിക്കുകയാണ്. റോഡിന്റെ ഒരു വശം ചെളിയും വെള്ളക്കെട്ടും മറുവശത്ത് മൂടാത്ത ഓവുചാലുംമൂലം റോഡിന്റെ വീതിയും നന്നേ കുറഞ്ഞു. ജൂൺ രണ്ടിനു സ്കൂൾ തുറക്കുന്നതോടെ ഇതുവഴിയുള്ള യാത്ര കൂടുതൽ ദുരിതപൂർണമാകും.
കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമങ്ങളിൽ നിന്നും കാസർഗോഡ് ജില്ലയിലെ മാലോം, വെള്ളരിക്കുണ്ട്, കോളിച്ചാൽ, പാണത്തൂർ ഭാഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള എളുപ്പമാർഗം കുടിയായതിനാൽ നിരവധി വാഹനങ്ങളാണ് ഇതുവഴി ദിവസേന കടന്നു പോകുന്നത്. കൂടാതെ പാലാവയൽ സെന്റ് ജോൺസ് എച്ച്എസ്എസിലേക്കുള്ള കുട്ടികളും ഇതുവഴി വേണം കടന്നു പോകാൻ. പുളിങ്ങോം-പാലാവയൽ പാലത്തിലും വൻകുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഏറെ നാളുകളായി ആവശ്യപ്പെട്ടിരുന്ന റോഡ് നവീകരണം തുടങ്ങാൻ താമസിച്ചതാണ് ഇപ്പോഴുണ്ടായിരിക്കുന്ന യാത്രാദുരിതത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.