ബേഡകം ഹൈടെക് ഫാം: ആടുകളെ എത്തിക്കുന്നതിനും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും ഉടന്‍ നടപടി-മന്ത്രി
1561392
Wednesday, May 21, 2025 7:01 AM IST
പൊയിനാച്ചി: ബേഡഡുക്ക കല്ലളിയില്‍ പ്രവര്‍ത്തനത്തിനൊരുങ്ങുന്ന സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഹൈടെക് ആട് ഫാമിലേക്ക് ആവശ്യമായ ആടുകളെ എത്തിക്കുന്നതിനും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി. ഫാമിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
ഫാമിലേയ്ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ഗുണമേന്മയുള്ള ആടുകളെ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ മന്ത്രിയോട് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ പി.കെ. മനോജ്കുമാര്‍, വെറ്ററിനറി ഡോക്ടര്‍ നിതിയ ജോയ്, സ്ഥിരം സമിതി അധ്യക്ഷ പി. വസന്തകുമാരി, പഞ്ചായത്തംഗങ്ങളായ ശാന്തകുമാരി, പ്രിയ, ഗോപാലകൃഷ്ണന്, വത്സല, രജനി, നൂര്ജഹാന്, ലത ഗോപി എന്നിവര്‍ സംബന്ധിച്ചു.
22.75 ഏക്കറില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആട് ഫാമാണ് പ്രവര്‍ത്തനസജ്ജമാകുന്നത്. കേരളത്തിന്റെ കാലാവസ്ഥയോട് പൊരുത്തപ്പെടുന്ന, രോഗപ്രതിരോധത്തിനും കുറഞ്ഞ പരിപാലനത്തിനും പേരുകേട്ട തദ്ദേശീയ മലബാറി ആടുകളുടെ പ്രജനനത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള മൃഗസംരക്ഷണ വകുപ്പിന്റെയും കാസര്‍കോട്ടെ ജനതയുടെയും പത്തുവര്ഷങ്ങള് നീണ്ട കാത്തിരിപ്പിനാണു ഹൈടെക് ആട് ഫാമിന്റെ ആദ്യഘട്ട ഉദ്ഘാടനത്തോടെ വിരാമം ആകുന്നത്.
അഞ്ച് ഘട്ടങ്ങളിലായി ഹൈടെക് ആട് ഫാം പൂര്‍ണമായും പൂര്‍ത്തിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഫാമിനോടനുബന്ധിച്ച് ഏഴേക്കറില്‍ ബേഡഡുക്ക പഞ്ചായത്തിന്റെ കീഴില്‍ മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതി പ്രകാരം ആടുകളുടെ തീറ്റക്കു വേണ്ടിയുള്ള ആയിരത്തോളം പ്ലാവിന് തൈകളും വിവിധയിനം തീറ്റപ്പുല്ലുകളും ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. കൃഷികള്‍ക്ക് ആവശ്യമായ ജലസേചനത്തിനായി മൃഗസംരക്ഷണ വകുപ്പ് 90,000 രൂപയുടെ ജലസേചന സൗകര്യവും ഒരുക്കിയിട്ടുണ്ട്.