ദേശീയപാത നിര്‍മാണം; കണ്ടോത്ത് വിണ്ടുകീറല്‍; മണ്ണൊലിപ്പ് ഭീഷണിയും
1561989
Saturday, May 24, 2025 1:39 AM IST
പയ്യന്നൂര്‍: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയില്‍ കണ്ടോത്തും കോറോം അണ്ടര്‍പാസിന് സമീപത്തെ ടാറിംഗ് പൂര്‍ത്തിയായ ഭാഗത്തും വിള്ളല്‍. പത്തടിയോളം ഉയരത്തില്‍ സംരക്ഷണഭിത്തിയില്ലാതെ മണ്ണിട്ടുയര്‍ത്തി ടാറിംഗ് ചെയ്തതിനാല്‍ മണ്ണൊലിപ്പ് ഭീഷണിയുമുണ്ട്. കണ്ടോത്ത് പഴയ ദേശീയപാതയില്‍നിന്നും പുതിയ ദേശീയപാതയിലേക്ക് കയറുന്നതിന്റെ തെക്കുഭാഗത്തും കണ്ടോത്ത് അണ്ടര്‍ ബ്രിഡ്ജിന്റെ വടക്കുഭാഗത്തായുമാണ് നൂറടിയോളം നീളത്തില്‍ ടാറിംഗ് പൂര്‍ത്തിയായ ഭാഗം വിണ്ടുകീറിയിട്ടുള്ളത്.
ഭൂനിരപ്പില്‍നിന്നും പത്തടിയോളം ഉയരത്തിലുള്ള റോഡിലാണ് വിള്ളല്‍. പാര്‍ശ്വഭിത്തിക്കായി കോണ്‍ക്രീറ്റ് പാനലുകള്‍ ഇറക്കിവച്ചിരിക്കുന്നതിനിടയിലൂടെയാണ് നീളത്തിലുള്ള വിള്ളലുള്ളത്. കോണ്‍ക്രീറ്റ് പാനലുകളുടെ ഭാരത്തില്‍ ചിലയിടങ്ങള്‍ താഴ്ന്ന നിലയിലുമാണ്. ഇതിലൂടെ മഴവെള്ളം ഇറങ്ങുന്നതോടെ വിള്ളല്‍ വര്‍ധിച്ച് റോഡിന്റെ കിഴക്കേ ഭാഗം ഇടിയാനുള്ള സാധ്യതയുണ്ട്. റോഡിന്റെ താഴെ വീടുകളുള്ളത് ആശങ്ക വര്‍ധിപ്പിക്കുന്നുമുണ്ട്.
കോറോം അണ്ടര്‍പാസിന് മുകളിലെ റോഡിന്റെ ടാറിംഗ് പൂര്‍ത്തീകരിച്ച വടക്കുഭാഗത്ത് റോഡ് വിണ്ടുകീറാന്‍ തുടങ്ങിയിട്ടുണ്ട്. ചതുപ്പുനിലത്തുനിന്നും പത്തടിയോളം മണ്ണിട്ടുയര്ത്തിയിരിക്കുന്ന ഭാഗത്താണ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കാലവര്‍ഷം കനക്കുന്നതോടെ ഈ ഭാഗവും പ്രശ്നമാകും. കോറോം അണ്ടര്‍പാസിന്റെ തെക്കുഭാഗത്ത് മണ്ണുമാത്രമിട്ടുയര്ത്തി ടാര്‍ചെയ്തത് ഒട്ടേറെ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.
സാധാരണ ചെയ്യാറുള്ള പാര്ശ്വഭിത്തിപോലുമില്ലാതെയാണ് ഇവിടെ മണ്ണിട്ടുയര്‍ത്തി അതിന് മുകളില്‍ ടാറിംഗ് നടത്തിയിരിക്കുന്നത്. അതിനാല്‍ ഇപ്പോള്‍ത്തന്നെ മണ്ണൊലിപ്പ് ഭീഷണി നിലനില്ക്കുന്നു. കൂടാതെ ടാറിംഗ് പൂര്‍ത്തിയായതിന്റെ അരികില്‍ പാര്‍ശ്വഭിത്തി ബലവത്താക്കുന്നതെങ്ങനെയെന്ന ചോദ്യവുമുയരുന്നു. തികച്ചും അശാസ്ത്രീയമായ നിര്‍മാണമാണ് ഈ ഭാഗത്ത് നടക്കുന്നതെന്ന ആക്ഷേപമാണുയരുന്നത്.