സംസ്ഥാന പാതയിലെ കുഴിയിൽ ബൈക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
1561751
Friday, May 23, 2025 1:02 AM IST
കാസർഗോഡ്: കാസർഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ കളനാട് ചെറിയ പളളിക്ക് സമീപത്തെ കുഴിയിൽ ബൈക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. വടംവലി അസോസിയേഷൻ ജില്ലാ സെക്രട്ടറി രതീഷ് വെള്ളച്ചാൽ, അസോസിയേഷൻ ഭാരവാഹിയും മാധ്യമപ്രവർത്തകനുമായ ബാബു കോട്ടപ്പാറ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു.
ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. ഈ മാസം നാലിന് ഇതേ സ്ഥലത്തുവച്ച് കാർ കുഴിയിൽ വീണ് നിയന്ത്രണം വിട്ടതിനെ തുടർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. മഴ തുടങ്ങിയതോടെ സംസ്ഥാനപാതയിലുടനീളമുള്ള കുഴികളിൽ വെള്ളം നിറഞ്ഞ് അപകടഭീഷണിയായി മാറിയിരിക്കുകയാണ്.