കോട്ടച്ചേരി ബസ് സ്റ്റാൻഡിൽ ഞാറും വാഴയും നട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം
1561749
Friday, May 23, 2025 1:02 AM IST
കാഞ്ഞങ്ങാട്: നവീകരണത്തിന്റെ പേര് പറഞ്ഞ് അടച്ചിടുകയും ടാറിംഗ് ഇളക്കിമാറ്റിയ ശേഷം പ്രവൃത്തികൾ നിർത്തി ചെളിക്കുളമാക്കുകയും ചെയ്ത കോട്ടച്ചേരി ബസ് സ്റ്റാൻഡിൽ ഞാറും വാഴയും നട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കേണ്ട നവീകരണ പ്രവൃത്തികൾ ഇനിയും തുടങ്ങാതെ നഗരത്തെ ഗതാഗതക്കുരുക്കിലാക്കുകയും സമീപത്തെ വ്യാപാരസ്ഥാപനങ്ങളിൽ വന്നുപോകുന്ന ആളുകൾക്ക് കുഴിയിൽ വീണ് പരിക്കേൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധ നാട്ടിപ്പാട്ടോടു കൂടിയാണ് പ്രവർത്തകർ ഞാറുനട്ടത്. ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.
യുത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ അധ്യക്ഷത വഹിച്ചു. വിനോദ് കപ്പിത്താൻ, മാർട്ടിൻ ജോർജ്, മാർട്ടിൻ ഏബ്രഹാം, രതീഷ് കാട്ടുമാടം, നവനീത് ചന്ദ്രൻ, അജിത്ത് പൂടംകല്ല്, രഞ്ജിത്ത് അരിങ്കല്ല്, റഷീദ് നാലക്ര, എച്ച്.ആർ. വിനീത്, അനൂപ് ഓർച്ച, പത്മകുമാർ കൊടവലം, സനോജ് കാഞ്ഞങ്ങാട് എന്നിവർ നേതൃത്വം നല്കി.